
എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കിടക്കവിരി. എന്നാൽ വല്ലപ്പോഴും മാത്രമാണ് നമ്മൾ അത് കഴുകി വൃത്തിയാക്കാറുള്ളത്. എന്നും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവും. ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ കിടക്കവിരികൾ ദുർഗന്ധം തങ്ങി നിന്നേക്കാം. കിടക്കവിരികളുടെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി.
കിടക്കവിരികളിലെ ദുർഗന്ധം അകറ്റാൻ സൂര്യപ്രകാശം നല്ലതാണ്. ഈർപ്പവും പൊടിപടലങ്ങളും തങ്ങി നിൽക്കുന്നതാണ് കിടക്കവിരികളിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണം. അതിനാൽ തന്നെ നല്ല സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ കിടക്കവിരികൾ ഉണക്കാൻ ശ്രദ്ധിക്കണം. ഇത് ദുർഗന്ധത്തെ മാത്രമല്ല അണുക്കളും പൂപ്പലും ഉണ്ടാവുന്നതിനെയും തടയുന്നു.
കർപ്പൂരം ഉപയോഗിച്ചും ദുർഗന്ധത്തെ ഇല്ലാതാക്കാൻ സാധിക്കും. ഇത് വൃത്തിയുള്ള ഒരു തുണിയിൽ പൊതിഞ്ഞ് കിടക്കവിരി സൂക്ഷിക്കുന്നിടത്ത് വെച്ചാൽ മതി. ദുർഗന്ധത്തെ അകറ്റി നല്ല ഗന്ധം പരക്കാൻ ഇത് സഹായിക്കുന്നു.
വിനാഗിരി
ദുർഗന്ധത്തെ അകറ്റാൻ വിനാഗിരിയും ഉപയോഗിക്കാറുണ്ട്. ഇത് ചെറിയ അളവിൽ കിടക്കവിരിയിൽ സ്പ്രേ ചെയ്താൽ മതി. ശേഷം നല്ല വായുസഞ്ചാരമുള്ള സ്ഥലത്തോ അല്ലെങ്കിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്തോ വിരിച്ചിടണം. ഇത് കിടക്കവിരിയിലെ ദുർഗന്ധത്തെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.
ബേക്കിംഗ് സോഡ
ദുർഗന്ധത്തെ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡയും നല്ലതാണ്. കിടക്കവിരിയിലേക്ക് ബേക്കിംഗ് സോഡ വിതറിയിടാം. ശേഷം തുറന്ന സ്ഥലത്ത് കുറച്ച് നേരം വെക്കണം. ഇത് ദുർഗന്ധത്തെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഈർപ്പമുള്ള സ്ഥലങ്ങൾ
ഈർപ്പം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കിടക്കവിരി സൂക്ഷിക്കരുത്. നനവോടെയും ഇത് സൂക്ഷിക്കാൻ പാടില്ല. ഈർപ്പം തങ്ങി നിൽക്കുമ്പോൾ എളുപ്പം ദുർഗന്ധം ഉണ്ടാവുന്നു. വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടച്ചു സൂക്ഷിക്കുമ്പോഴും ഇതിൽ നിന്നും ദുർഗന്ധം വരാൻ സാധ്യതയുണ്ട്.