
പലതരം ജോലികളാണ് അടുക്കളയിലുള്ളത്. ഭക്ഷണം പാകം ചെയ്യൽ, പാത്രം കഴുകൽ, വൃത്തിയാക്കൽ അങ്ങനെ അടുക്കള പണിയുടെ പട്ടിക ഇങ്ങനെ നീളുന്നു. അതിനാൽ തന്നെ ഒരുപാട് സമയം അടുക്കളയിൽ ചിലവഴിക്കേണ്ടിയും വരുന്നുണ്ട്. എന്നിട്ടോ? അപ്പോഴും പണികൾ കഴിഞ്ഞെന്ന് പറയാൻ സാധിക്കില്ല. കാരണം കറപിടിച്ച പാത്രങ്ങളും മങ്ങിയ സിങ്കും എത്ര കഴുകിയാലും വൃത്തിയാണവമെന്നില്ല. ഞൊടിയിടയിൽ അടുക്കള വൃത്തിയാക്കാൻ ഈ നുറുങ്ങുവിദ്യകൾ പരീക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
1. അടുക്കളയിൽ പ്രാണി ശല്യമുണ്ടെങ്കിൽ കുറച്ച് കർപ്പൂരം വിതറിയിട്ടുകൊടുക്കാം. ഇത് ഈച്ചകളും പ്രാണികളും വരുന്നത് തടയുന്നു.
2. ഫ്രിഡ്ജിലെ ദുർഗന്ധമകറ്റാൻ കുറച്ച് ബേക്കിംഗ് സോഡ ഫ്രിഡ്ജിനുള്ളിൽ തുറന്ന് വെച്ചാൽ മതിയാകും.
3. പാത്രങ്ങളിലേയും പ്രതലങ്ങളിലേയും കറയെ നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ മതി.
4. അരിയിലും പയറിലുമൊക്കെ വരുന്ന ജീവികളെ തുരത്താൻ ആര്യവേപ്പില ഉപയോഗിച്ചാൽ ഇത് വരുന്നത് തടയാൻ സാധിക്കും. അരി സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക് കുറച്ച് ആര്യവേപ്പില ഇട്ടുകൊടുത്താൽ മാത്രം മതി.
5. ഉപ്പും വിനാഗിരിയുമുണ്ടെങ്കിൽ മങ്ങിയ ചെമ്പ് പാത്രങ്ങൾ തിളങ്ങുന്നതുപോലെയാക്കാം. വിനാഗിരിയിൽ കുറച്ച് ഉപ്പ് ചേർത്തതിന് ശേഷം അതിലേക്ക് പാത്രങ്ങൾ മുക്കിവെക്കാവുന്നതാണ്.
6. നാരങ്ങയിലെ നീര് പിഴിഞ്ഞ് കളഞ്ഞതിന് ശേഷം തോട് ഉപയോഗിച്ച് സ്റ്റീൽ പാത്രങ്ങൾ ഉരച്ച് കഴുകിയാൽ മങ്ങിയ പാത്രങ്ങൾ വെട്ടിത്തിളങ്ങും.
7. അടുക്കളയിൽ ഉറുമ്പ് ശല്യമുണ്ടെങ്കിൽ അവയെ തുരത്താൻ മഞ്ഞൾ പൊടി അല്ലെങ്കിൽ ടാൽക്കം പൗഡറോ ഉപയോഗിക്കാവുന്നതാണ്. ഉറുമ്പ് വരുന്ന സ്ഥലത്ത് ഇത് വിതറിക്കൊടുത്താൽ മാത്രം മതി. പഞ്ചസാര പാത്രത്തിലെ ഉറുമ്പ് ശല്യം മാറികിട്ടാൻ അതിലേക്ക് ഒന്നോ രണ്ടോ ഗ്രാമ്പു ഇട്ടുകൊടുക്കാവുന്നതാണ്.
8. അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്കിലേക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേക്ക് ചൂടുവെള്ളം കൂടെ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് സിങ്കിൽ അടഞ്ഞിരിക്കുന്ന തടസ്സങ്ങളെ നീക്കം ചെയ്യുന്നു.
ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ പിശകുകൾ ഒഴിവാക്കാം