
ചൂടുകാലത്ത് വാങ്ങുന്ന പച്ചക്കറികൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് വാടിപ്പോകുന്നത് സ്ഥിരം തലവേദനയാണ്. ഫ്രിഡ്ജിൽ വെച്ചാൽ പോലും പല പച്ചക്കറികളും ഫ്രഷ്നസ് നഷ്ടപ്പെട്ട് ചീഞ്ഞുപോകാറുണ്ട്. ഇത് ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
കനത്ത ചൂടും ഈർപ്പവും കാരണം ബാക്ടീരിയകൾ വേഗത്തിൽ വളരുന്നതാണ് പച്ചക്കറികൾ ചീത്തയാകാൻ കാരണം. എന്നാൽ ചില പൊടിക്കൈകൾ പച്ചക്കറികൾ കൂടുതൽ കാലം ഫ്രഷായിരിക്കാൻ സഹായിക്കും.
കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ഉടൻ പച്ചക്കറികൾ കഴുകരുത്. ഈർപ്പം തങ്ങിനിന്നാൽ അവ വേഗത്തിൽ ചീത്തയാകും. ഉപയോഗിക്കാൻ നേരം മാത്രം കഴുകിയെടുക്കുക. ഇനി കഴുകിയെങ്കിൽ ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കണം.
ഇലക്കറികൾ
മല്ലിയില, പുതിന, ചീര പോലുള്ള ഇലക്കറികൾ പെട്ടെന്ന് വാടിപ്പോകും. ഇവയെ നനഞ്ഞ പേപ്പർ ടവലിൽ പൊതിഞ്ഞ്, വായു കടക്കാത്ത പാത്രത്തിലോ സിപ്‌ലോക്ക് ബാഗിലോ അടച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ 5-6 ദിവസം വരെ ഇവ ഫ്രഷായിരിക്കും.
വായുസഞ്ചാരം വേണം
തക്കാളിയും ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ രുചിയും ഘടനയും മാറ്റും. തക്കാളി റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുക. ഉരുളക്കിഴങ്ങും സവാളയും തണുപ്പുള്ള, വായു സഞ്ചാരമുള്ള സ്ഥലത്ത് വെക്കുക. അതേസമയം പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കണം.
മാറ്റി സൂക്ഷിക്കാം
ചില പഴങ്ങളും പച്ചക്കറികളും എഥിലീൻ എന്ന വാതകം പുറത്തുവിടും. ഇത് മറ്റ് പച്ചക്കറികൾ വേഗത്തിൽ പഴുക്കാനും കേടാകാനും ഇടയാക്കും. അതിനാൽ തക്കാളി, വാഴപ്പഴം, ആപ്പിൾ എന്നിവ ഇലക്കറികളിൽ നിന്ന് മാറ്റി വെക്കുക.
ഇങ്ങനെ സൂക്ഷിക്കാം
ഫ്രിഡ്ജിൽ വെച്ചാലും പച്ചമുളക് വേഗത്തിൽ ചീത്തയാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മുളകിന്റെ ഞെട്ട് അടർത്തി മാറ്റുക. ശേഷം ഒരു പേപ്പർ ടവലിൽ പൊതിഞ്ഞ് പാത്രത്തിലാക്കി സൂക്ഷിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചാൽ ഈർപ്പം തങ്ങിനിന്ന് വേഗത്തിൽ കേടാകും. ഇവയെ പേപ്പർ ബാഗിലോ തുറന്ന കൊട്ടയിലോ ഇട്ട് സൂക്ഷിക്കുന്നതാണ് നല്ലത്.