
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. പാചകത്തിനപ്പുറം പാത്രങ്ങൾ കഴുകാനും വൃത്തിയാക്കാനും ഒരുപാടുണ്ടാകും ഇവിടെ. എന്നാൽ പലരും വല്ലപ്പോഴും മാത്രമാണ് അടുക്കള വൃത്തിയാക്കാറുള്ളത്. അടുക്കളയിലെ ചില ഇടങ്ങളിൽ എപ്പോഴും അണുക്കൾ ഉണ്ടാകുന്നു. അടുക്കളയിൽ വൃത്തിയാക്കി സൂക്ഷിക്കേണ്ട ഇടങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
അടുക്കള സിങ്കിന്റെ അടിഭാഗം
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് സിങ്കിലും അതിന്റെ ചുറ്റിലുമാണ്. ഇതിനിടയിൽ ചെറിയ ജീവികൾ കയറിക്കൂടുകയും അതിലൂടെ അണുക്കൾ പടരുകയും ചെയ്യുന്നു. പ്രത്യേകിച്ചും അഴുക്ക് അടിഞ്ഞുകൂടിയാൽ ജീവികൾ ഇവിടെവിട്ടു പോവുകയുമില്ല. എപ്പോഴും സിങ്കിന്റെ അടിഭാഗങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കാം.
കിച്ചൻ സ്ലാബ്
അടുക്കളയിൽ എപ്പോഴും ഉപയോഗമുള്ള സ്ഥലമാണ് കിച്ചൻ സ്ലാബ്. വെള്ളം ഉപയോഗിച്ച് തുടച്ചെടുത്താൽ അഴുക്കിനെ മാത്രമേ നീക്കം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ അണുക്കൾ അവിടെ തന്നെ നിലനിൽക്കുന്നു. ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതായിരിക്കും.
ഗ്യാസ് സ്റ്റൗ
ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ട് തന്നെ ഗ്യാസ് സ്റ്റൗവിൽ എപ്പോഴും അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരുന്നാൽ അണുക്കൾ പെരുകാനും അടുക്കളയിൽ പടരുകയും ചെയ്യുന്നു. വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം.
കിച്ചൻ സിങ്ക്
പച്ചക്കറി, മൽസ്യം, മാംസം, പാത്രങ്ങൾ എന്നിവ വൃത്തിയാക്കാനാണ് അടുക്കള സിങ്ക് നമ്മൾ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സിങ്കിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാനും അണുക്കളും ദുർഗന്ധവും ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കിച്ചൻ സിങ്ക് വൃത്തിയാക്കുന്നത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.