
പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലതരം കൂട്ടുകൾ ഉപയോഗിച്ച് ഇഷ്ടമുള്ള രീതികളിൽ നമ്മൾ പാചകം ചെയ്യുന്നു. എന്നാൽ അടുക്കളയിൽ പാചകം മാത്രമല്ല, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വേറെയുമുണ്ട്. കാലപ്പഴക്കം ചെന്ന ഈ പാത്രങ്ങൾ അടുക്കളയിലുണ്ടോ. എങ്കിൽ ഉടൻ മാറ്റിക്കോളൂ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
നോൺ സ്റ്റിക് പാനുകൾ
ഒട്ടുമിക്ക നോൺ സ്റ്റിക് പാനുകളിലും ടെഫ്ലോൺ കോട്ടിങ് ചെയ്തിട്ടുണ്ടാകും. കാലപ്പഴക്കം വരുമ്പോൾ അല്ലെങ്കിൽ അമിതമായി ചൂടാക്കുമ്പോൾ ഇതിൽ നിന്നും വിഷപുക ഉണ്ടാകുന്നു. ഇത് ഭക്ഷണത്തിൽ കലർന്നാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ പാൻ മാറ്റുന്നതാണ് നല്ലത്.
പ്ലാസ്റ്റിക് പാത്രങ്ങൾ
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. എന്നാൽ ഇതിൽ ബി.പി.എ (ബിസ്‌ഫെനോൾ എ) അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം സൂക്ഷിച്ചാൽ ഇത് ഭക്ഷണത്തിൽ കലരുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം സൂക്ഷിക്കാൻ സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
സെറാമിക് പാത്രങ്ങൾ
പഴക്കമുള്ള സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധവേണം. ഭക്ഷണം ചൂടാക്കുമ്പോഴും, അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോഴും ഇത് ഭക്ഷണത്തിൽ കലരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
സ്പോഞ്ച്
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉള്ളത് പാത്രം കഴുകുന്ന സ്പോഞ്ചിലായിരിക്കും. ദീർഘകാലം ഒരു സ്പോഞ്ച് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും വൃത്തിയാക്കാൻ മറക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ സ്പോഞ്ച് മാറ്റാം.
അലുമിനിയം പാത്രങ്ങൾ
തക്കാളി, വിനാഗിരി തുടങ്ങിയ അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണത്തിൽ മെറ്റൽ കലരാൻ കാരണമാകുന്നു. പാചകത്തിന് എപ്പോഴും അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്ന രീതി ഒഴിവാക്കാം.