വിമാനം വീടാക്കിയ മനുഷ്യന്‍...

By Web DeskFirst Published Feb 26, 2018, 11:52 AM IST
Highlights

രാത്രിയിലാണ് ആ കാഴ്ച ഏറ്റവും മനോഹരം. ഇരുണ്ട് നില്‍ക്കുന്ന ഇടതൂര്‍ന്ന കാടിന് നടുവില്‍ ഒരിത്തിരി സ്ഥലം. അവിടെ ചുവപ്പും വെളുപ്പും ലൈറ്റുകളുടെ പ്രകാശത്തില്‍ നിറഞ്ഞുനില്‍ക്കുന്നൊരു ബോയിംഗ് 727 വിമാനം. മഞ്ഞവെളിച്ചം ഒഴുകിയിറങ്ങുന്ന പടികള്‍ കയറിച്ചെന്നാല്‍ ബ്രൂസ് ക്യാംപല്‍ എന്ന വ്യത്യസ്ത മനുഷ്യനെ കാണാം. യുഎസ് സ്റ്റേറ്റായ ഒറിഗോണിലെ പോര്‍ട്ട്‌ലാന്റിലെ വനത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഈ വമ്പന്‍വിമാനം അദ്ദേഹത്തിന്റെ വീടാണ്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ബ്രൂസ് ക്യാംപലിന് വിമാനത്തിനുള്ളിലെ ഈ ജീവിതം ഒരു ബഹിരാകാശ വാഹനത്തിലെ യാത്ര പോലെ മനോഹരമാണ്.ഈ ജീവിതം അദ്ദേഹം ആസ്വദിക്കുകയാണ്. വിമാനത്തിനുള്ളിലെ ഓരോ ഇടവും അദ്ദേഹത്തിന് കൗതുകവും ആഹ്ലാദവും നല്‍കുന്നുവെന്നാണ് ക്യാംപല്‍ പറയുന്നത്. വിമാനത്തിനുള്ളിലെ ഓരോ ഇടവും തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയാണ് അദ്ദേഹം. ഒരു കാലത്ത് ഒരുപാട് പൈലറ്റുമാര്‍ ഇരുന്ന് കടന്നുപോയ കോക്പിറ്റ് ഇന്ന് ക്യാംപലിന്റെ വായനമുറിയാണ്. ഒരുപാട് ആകാശലോകം കണ്ട കോക്പിറ്റിന്റെ മുന്‍കണ്ണാടിയില്‍ ഇന്ന് അദ്ദേഹം അതിലും വ്യത്യസ്തമായ ലോകങ്ങള്‍ കാണുന്നു. ഉറങ്ങാനും ഉണ്ണാനും കുളിക്കാനും അലക്കാനുമെല്ലാം ഈ വിമാനവീടില്‍ ഇടമുണ്ട്.

വന്‍മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ കാലാവധി കഴിയുമ്പോള്‍ പൊളിച്ചുകളയുന്നതിനോട് ക്യാംപലിന് എതിര്‍പ്പുണ്ട്. വലിയ ആസൂത്രണവും മനുഷ്യപ്രയത്‌നവും പണവും മുടക്കി നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ പൊളിക്കുന്നതിനെ മനുഷ്യഭാവനയുടെ പരാജയമെന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് പൊളിക്കാന്‍ തീരുമാനിച്ചൊരു വിമാനം 1999-ല്‍ പണംകൊടുത്ത് വാങ്ങി ക്യാംപല്‍ സ്വന്തം വീടാക്കിയത്.

പക്ഷെ ഒരു വിമാനം വാങ്ങി വീടാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ക്യാംപലും പറയുന്നു. ഒരു വിമാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നെ പൊളിക്കാനിട്ടിരിക്കുന്ന വിമാനം വാങ്ങണം. ഇതിന് ശേഷമാണ് വലിയ പ്രതിസന്ധി തരണം ചെയ്യാനുള്ളത്. വിമാനത്തെ നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിക്കുകയാണ് ഇത്. ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്താണ് ബ്രൂസ് ക്യംപല്‍ തന്റെ സ്വപ്നഗൃഹം യാഥാര്‍ത്ഥ്യമാക്കിയത്. വര്‍ഷത്തില്‍ ആറുമാസമാണ് ക്യാംപല്‍ ഇവിടെ താമസിക്കുന്നത്. മറ്റേ ആറു മാസം ജപ്പാനിലാണ് ക്യംപലിന്റെ വാസം.


click me!