
ജീവീതശൈലീ രോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതില്‍ ജോലിയുടെ സ്വഭാവത്തിനുള്ള പങ്ക് ചെറുതല്ല. മണിക്കൂറുകളോളം ഇരുന്ന് ചെയ്യുന്ന ഓഫീസ് ജോലി, പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക.
കോര്‍പറേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്കിടയില്‍ വ്യാപകമാവുന്ന പ്രധാന രോഗം പൈല്‍സ് ആണെന്നാണ് ബെഗലൂരു, അപ്പോളോ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നരസിംഹയ്യ ശ്രീനിവാസയ്യ പറയുന്നത്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ പൈല്‍സ് രോഗികളില്‍ 14 ശതമാനത്തോളവും ടെക്കികളാണെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതോടെ മലാശയത്തിന്റെ അറ്റത്ത് ഒരു പാളിയോ തടിപ്പോ രൂപപ്പെടുന്നു. ഇത് പിന്നീട് വേദനയ്ക്കും അസ്വസ്ഥതയ്ക്കും രക്തം പൊടിയുന്നതിനുമെല്ലാം കാരണമാകുന്നു. ക്രമേണ ഇത് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
പൈല്‍സ് പിടിപെടുന്നത് എന്തുകൊണ്ടെന്ന് കൃത്യമായി നിര്‍വചിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു. പാരമ്പര്യഘടകങ്ങളും ഇതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ജീവിതരീതികളാണ് നിവില്‍ ഇതിന് ഏറ്റവുമധികം വഴിവയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു. മലബന്ധം, കൃത്യമായ ഭക്ഷണവും ശീലങ്ങളും ഇല്ലായ്മ, ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാരപ്തത ഇതെല്ലാം പൈല്‍സിലേക്കെത്തിക്കുമത്രേ.
വിവിധ ഘട്ടങ്ങളാണ് പൈല്‍സിനുള്ളത്. ഇതില്‍ ഓരോ ഘട്ടത്തിനും പ്രത്യേകം ചികിത്സകളാണ് നല്‍കുന്നത്. ആദ്യഘട്ടങ്ങളിലാണെങ്കില്‍ മരുന്നും കൃത്യമായ വ്യായാമവും, ആരോഗ്യകരമായ ഡയറ്റും മതിയാകും. എന്നാല്‍ അല്‍പം കൂടി ഗൗരവത്തിലാണെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam