ഹൃദയസ്തംഭനം നമ്മളറിയാതെ പോകുമോ? സാധ്യതകളും ലക്ഷണങ്ങളും തിരിച്ചറിയാം...

By Web TeamFirst Published Sep 24, 2018, 3:40 PM IST
Highlights

നെഞ്ചുവേദന വരുമ്പോള്‍ അത് ഗ്യാസിന്റെയോ ഡിസ്‌ക് പ്രശ്‌നത്തിന്റെയോ ആണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതകളേറെയാണ്. പ്രമേഹരോഗികളാണെങ്കില്‍ ഈ വേദന തിരിച്ചറിയാതിരിക്കാനും സാധ്യതയുണ്ട്. തലകറക്കമോ ക്ഷീണമോ ഒക്കെയാണെങ്കില്‍ മാനസിക സമ്മര്‍ദ്ദം മൂലമോ ഉറക്കമില്ലായ്മയോ ജോലിഭാരമോ മൂലമോ ഉണ്ടാകുന്നതാണെന്ന് അനുമാനിച്ചേക്കാം

കടുത്ത നെഞ്ചുവേദന മാത്രമാണ് പലപ്പോഴും ഹൃദയസ്തംഭനത്തെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം. എന്നാല്‍ വേദന തിരിച്ചറിയാതിരിക്കുകയോ, തിരിച്ചറിഞ്ഞാല്‍ തന്നെ അത് അസഹനീയമല്ലാത്തതിനാല്‍ ആശുപത്രിയില്‍ പോവാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെ ഹൃദയസ്തംഭനത്തെ തിരിച്ചറിയാം? ഇനി വേദന മാത്രമാണോ ഇതിന്റെ ലക്ഷണങ്ങള്‍?

സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ചില ലക്ഷണങ്ങള്‍...

1. തലകറക്കം
2. ശ്വാസതടസ്സം
3. മനംപിരട്ടല്‍
4. ഛര്‍ദ്ദി, അല്ലെങ്കില്‍ വയറ്റില്‍ അസ്വസ്ഥത
5. നല്ല തോതില്‍ ക്ഷീണം
6. നന്നായി വിയര്‍ക്കുന്നത്

എങ്ങനെയാണ് ഹൃദയസ്തംഭനം അറിയാതെ പോകുന്നത്?

നിത്യജീവിതത്തില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മള്‍ അനുഭവിക്കുന്നത്. ക്ഷീണമോ തലകറക്കമോ ഛര്‍ദ്ദിയോ ഒക്കെ അത്തരത്തിലുള്ള വിഷമതകളാണ്. അതിനാല്‍ തന്നെ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവയെ എല്ലാം നമ്മള്‍ സ്വയം വിലയിരുത്താന്‍ ശ്രമിക്കും. 

ഹൃദയസ്തംഭനമുണ്ടാകുമ്പോള്‍ എല്ലായ്‌പോഴും കടുത്ത വേദന തന്നെ അനുഭവപ്പെടണമെന്നില്ല. അത് കൃത്യമായി ഹൃദയമിരിക്കുന്നയിടത്ത് മാത്രമാകണമെന്നും ഇല്ല. അതുകൊണ്ട് തന്നെ ഈ വേദനയെ മറ്റെന്തെങ്കിലും പ്രശ്‌നമായി നമ്മള്‍ കണക്കാക്കും. 

നെഞ്ചുവേദന വരുമ്പോള്‍ അത് ഗ്യാസിന്റെയോ ഡിസ്‌ക് പ്രശ്‌നത്തിന്റെയോ ആണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതകളേറെയാണ്. പ്രമേഹരോഗികളാണെങ്കില്‍ ഈ വേദന തിരിച്ചറിയാതിരിക്കാനും സാധ്യതയുണ്ട്. തലകറക്കമോ ക്ഷീണമോ ഒക്കെയാണെങ്കില്‍ മാനസിക സമ്മര്‍ദ്ദം മൂലമോ ഉറക്കമില്ലായ്മയോ ജോലിഭാരമോ മൂലമോ ഉണ്ടാകുന്നതാണെന്ന് അനുമാനിച്ചേക്കാം. ഛര്‍ദ്ദി- വയറ്റിലെ അസ്വസ്ഥതയെല്ലാം എളുപ്പത്തില്‍ ദഹനപ്രശ്‌നമായി മനസ്സിലാക്കിയേക്കും. 

എന്തെല്ലാം കരുതലെടുക്കാം?

പലപ്പോഴും രണ്ടാമതൊരു ഹൃദയസ്തംഭനം വന്നതിന് ശേഷം ആശുപത്രിയിലെത്തുമ്പോഴായിരിക്കും ആദ്യത്തേതിന്റെ കാര്യം തിരിച്ചറിയുക. ഇലക്ട്രോ കാര്‍ഡിയോഗ്രാം പരിശോധന നടത്തുമ്പോള്‍ മാത്രമാണ് ഇത് വ്യക്തമാവുക. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സ്ഥിരമായ ചെക്കപ്പുകള്‍ സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള മറ്റ് അസുഖങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. 

മോശം ജീവിതശൈലികളിലൂടെ കടന്നുപോകുന്നവര്‍, യുവാക്കളാണെങ്കില്‍ തീര്‍ച്ചയായും സ്ഥിരമായ ചെക്കപ്പുകള്‍ക്ക് സമയം കണ്ടെത്തുക. കാരണം, മാനസിക സമ്മര്‍ദ്ദം, ഭക്ഷണരീതി, പുകവലി എന്നീ കാരണങ്ങള്‍ കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ മഹാഭൂരിപക്ഷവും യുവാക്കളാണ്. 

പരമ്പരാഗതമായും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പിടിപെട്ടേക്കാം. ഇത്തരത്തില്‍ കുടുംബപരമായി ഹൃദയസ്തംഭനം വന്ന ചരിത്രമുള്ളവരും ഒന്ന് കരുതിയിരിക്കുക. തലമുറകള്‍ക്കിപ്പുറവും അത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ നിര്‍ബന്ധമായും വരണമെന്നുമില്ല. സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതലുകളെടുക്കണമെന്ന് മാത്രം. 

click me!