പുകവലി നിര്‍ത്തുന്നവര്‍ക്ക് 2.4 ലക്ഷം രൂപയുമായി ചൈന!

By Web DeskFirst Published May 27, 2016, 7:36 AM IST
Highlights

ചൈനയുടെ തലസ്ഥാന നഗരമായ ബീജിങ്ങ് കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍പ്പെട്ട് വലയുകയാണ്. അതിനിടെയാണ് ബീജിങ് നഗരത്തില്‍ പുകവലി നിയന്ത്രണ പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 100 ദിവസത്തെ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായി പുകവലി എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ഏകദേശം 20000 ചൈനീസ് യുവാന്‍(2.46 ലക്ഷം രൂപ) സമ്മാനമായി നല്‍കുമെന്നാണ് വാഗ്ദ്ധാനം. ജൂലൈ ഒന്നു മുതലാണ് പുകവലി വിരുദ്ധ പ്രചാരണത്തിന് ബീജിങ്ങില്‍ തുടക്കമാകുന്നത്. ബീജിങ്ങ് മുന്‍സിപ്പല്‍ കമ്മീഷന്റെ ആരോഗ്യവിഭാഗവും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുകവലി അവസാനിപ്പിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബീജിങ്ങില്‍ പ്രത്യേക സൗകര്യമൊരുക്കും. പുകവലി സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സ നല്‍കാന്‍ നഗരത്തിലെ 16 പ്രമുഖ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പുകവലിക്കെതിരെ മൂന്നു ഹോട്ട് ലൈന്‍ നമ്പര്‍ വഴി ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പുകവലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന്, ബീജിങ്ങ് നഗരത്തില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ നല്ല കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചൈനയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും പുകവലി അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം 11.6 ശതമാനം പേര്‍ പുകവലി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

click me!