ലൈംഗികത; സ്ത്രീയ്ക്കും പുരുഷനുമിടയിലെ വ്യത്യാസമെന്ത്?

Published : Jan 10, 2019, 03:35 PM ISTUpdated : Jan 10, 2019, 03:37 PM IST
ലൈംഗികത; സ്ത്രീയ്ക്കും പുരുഷനുമിടയിലെ വ്യത്യാസമെന്ത്?

Synopsis

മിക്ക വിഷയങ്ങളിലുമെന്ന പോലെ ജൈവികമായ കാരണങ്ങളെക്കാള്‍ ഉപരി സാമൂഹികമായ കാരണങ്ങള്‍ തന്നെയാകാം ഈ അന്തരത്തിന് പിന്നിലും. എന്നാല്‍ ഇക്കാര്യത്തിൽ കൃത്യമായ ഒരു കാരണം ചൂണ്ടിക്കാണിക്കാൻ പഠനസംഘത്തിനായില്ല എന്നുതും ശ്രദ്ധേയമാണ്

സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന്‍ ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത്?

കാര്‍ല ക്ലാര്‍ക്ക് എന്ന സയന്റിഫിക് കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ന്യൂറോ സൈക്കോളജിസ്റ്റുകള്‍ ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം നടത്തി. ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും മറ്റ് മിക്ക വിഷയങ്ങളിലുമെന്ന പോലെ രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തി. നേരത്തേ നടന്ന നിരവധി പഠനങ്ങളുടെ കണ്ടെത്തലുകളും പുതിയ ചില പരീക്ഷണങ്ങളും നടത്തിയാണ് പഠനസംഘം തങ്ങളുടെ നിഗമനങ്ങളിലേക്കെത്തിയത്. 

പഠനസംഘത്തിന്റെ കണ്ടെത്തലുകള്‍...

ലൈംഗികതയെ സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും സ്ത്രീയും പുരുഷനും രണ്ട് രീതിയിലാണത്രേ കാണുക. പുരുഷന്‍ മിക്കവാറും നഗ്നമായ ശരീരത്തിലേക്കും മറ്റ് ഭാവനകളിലേക്കും ചേക്കേറുമ്പോള്‍ സ്ത്രീ, ചിത്രത്തില്‍ കാണുന്നവര്‍ തമ്മിലുള്ള അടുപ്പം, സ്‌നേഹപ്രകടനം, അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍- ഇത്തരം വിഷയങ്ങളെ പറ്റി ഓര്‍ക്കുന്നു. ഇതേ വ്യത്യാസമാണ് പൂര്‍ണ്ണമായും, ലൈംഗികതയുടെ കാര്യത്തിലും സ്ത്രീയ്ക്കും പുരുഷനുമിടയ്ക്ക് ഉണ്ടാകുന്നത്. 

പുരുഷന്, ലൈംഗികതയെ സ്വതന്ത്രമായ ഒന്നായിത്തന്നെ കാണാന്‍ കഴിയുന്നു. അതേസമയം സ്ത്രീക്ക്, മിക്കവാറും അത് അങ്ങനെ വേറിട്ടുകാണാനാകുന്നില്ല. സ്ത്രീയുടെ ശരീരത്തെ പരമാവധി ആസ്വദിക്കാന്‍ പുരുഷന്‍ ലൈംഗികതയിലൂടെ ശ്രമിക്കുമ്പോള്‍ സ്ത്രീ, തന്റെ പങ്കാളിയുമായുള്ള ബന്ധത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. 

ഒരു ചിത്രമോ, വീഡിയോയോ ഒക്കെ പുരുഷനെ ഉണര്‍ത്തുമ്പോള്‍, സ്ത്രീയ്ക്ക് അതിന് വ്യക്തമായ കാരണങ്ങള്‍ ആവശ്യമാണ്. ലൈംഗിക ബന്ധത്തില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തിയുടെ കാര്യത്തിലും ഈ അന്തരം നിലനില്‍ക്കുന്നുണ്ട്. പങ്കാളിയുമായുള്ള ആത്മബന്ധത്തെയും സ്‌നേഹത്തെയുമെല്ലാം ആശ്രയിച്ചാണ് സ്ത്രീയുടെ ലൈംഗികസുഖം പോലും ഏറെക്കുറെ നിലനില്‍ക്കുന്നതത്രേ. 

അതുപോലെ തന്നെ പ്രധാനമാണ് ചുറ്റുപാടുകളോടുള്ള ബന്ധവും. ഏറ്റവും സുരക്ഷിതമായ ഒരിടത്തായിരിക്കണം പങ്കാളിയുമൊത്തുള്ള സമയം ചെലവിടേണ്ടതെന്ന് സ്ത്രീ കരുതുന്നു. പുരുഷനെക്കാളേറെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. 

എന്നാല്‍ പോണ്‍ കാണുന്ന കാര്യത്തില്‍ സ്ത്രീ പുരുഷനൊപ്പം തന്നെയാണെന്നാണ് പഠനം അവകാശപ്പെടുന്നത്. അതേസമയം ഇതിനെ കൃത്യമായും 'ഫാന്റസി'യായി സൂക്ഷിക്കുകയും, യഥാര്‍ത്ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ നേരത്തേ സൂചിപ്പിച്ചത് പോലെ, ആത്മബന്ധത്തിന് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. 

മിക്ക വിഷയങ്ങളിലുമെന്ന പോലെ ജൈവികമായ കാരണങ്ങളെക്കാള്‍ ഉപരി സാമൂഹികമായ കാരണങ്ങള്‍ തന്നെയാകാം ഈ അന്തരത്തിന് പിന്നിലും. എന്നാല്‍ ലൈംഗികതയെ എന്തുകൊണ്ട് സ്ത്രീയും പുരുഷനും രണ്ട് രീതിയില്‍ സമീപിക്കുന്നുവെന്ന കാര്യത്തില്‍ പഠനം കൃത്യമായ ഒരു കാരണം വിശദീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ