
വിശന്നുകഴിഞ്ഞാല്‍ കണ്ണുകാണില്ല, ചെവി കേള്‍ക്കില്ല, എളുപ്പം ദേഷ്യം വരും- എന്നെല്ലാം ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? മിക്കവരും വിശന്നുകഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ തന്നെ അസ്വസ്ഥരായി മാറാരുണ്ട്. ശരീരത്തിനുള്ളില്‍ പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റമാണ് നമ്മളെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നത്.
കാനഡയില്‍, എലികളില്‍ മരുന്നുകള്‍ കുത്തിവച്ച് പരിശോധന നടത്തുന്ന ഒരു കൂട്ടം ഗവേഷകരാണ് ഈ കാരണം കണ്ടെത്തിയത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ഇത് ഗവേഷകരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.
പരീക്ഷണസമയത്ത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനുള്ള മരുന്നും, പച്ചവെള്ളവും എലികളില്‍ കുത്തിവച്ചു. തുടര്‍ന്ന് എലികളെ ഓരോ ചേംബറുകളിലേക്ക് കയറ്റിവിട്ടു. ഏറെ നേരത്തിന് ശേഷം വീണ്ടും ഇതുപോലെ തന്നെ മരുന്നും വെള്ളവും കുത്തിവച്ച ശേഷം അതേ എലികളെ പഴയ ചേംബറുകളുടെ അടുത്തെത്തിച്ചു. ഗ്ലൂക്കോസ് കുറയാനുള്ള മരുന്ന് കുത്തിവച്ച ശേഷം കയറ്റിയ ചേംബറിലേക്ക് പിന്നീട് കയറാന്‍ എലികള്‍ കൂട്ടാക്കിയില്ല. അതായത് ഗ്ലൂക്കോസ് ലെവല്‍ കുറയുമ്പോള്‍ എന്തോ അനിഷ്ടം സംഭവിക്കുന്നുവെന്ന് ഗവേഷകര്‍ അനുമാനിച്ചു.
ശാരീരകമായ പ്രശ്‌നത്തെക്കാളും ഇത് മാനസികമായ പ്രശ്‌നമാണെന്നും സംഘം കണ്ടെത്തി. ശരീരത്തില്‍ ഗ്ലൂക്കോസ് ലെവല്‍ താഴുമ്പോള്‍ ഉത്കണ്ഠയോ നിരാശയോ ഒക്കെയുണ്ടാകുന്നുവെന്നും ഇതാണ് പ്രത്യേകരീതികളില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇവര്‍ മനസ്സിലാക്കി. വ്യക്തമായിപ്പറഞ്ഞാല്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നതാണേ്രത വിശക്കുമ്പോള്‍ നമ്മളെ 'ഉപദ്രവകാരികള്‍' ആക്കുന്നത്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നമ്മള്‍ 'മൂഡ്' എന്ന് വിളിക്കുന്ന, സമയബന്ധിതമായ മാനസികാവസ്ഥകളെ നല്ലരീതിയില്‍ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന പെടുന്നനെയുള്ള മാറ്റങ്ങള്‍ മൂഡ് വ്യതിയാനങ്ങള്‍ സമ്മാനിക്കുന്നു. വിശക്കുമ്പോള്‍ മാത്രമല്ല, മറ്റേതെങ്കിലും സാഹചര്യങ്ങളിലും ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നാല്‍ ഇതുതന്നെയാണ് അവസ്ഥ. എന്നാല്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് അനുമാനിക്കുന്ന കാര്യങ്ങളെല്ലാം മനുഷ്യരില്‍ കൃത്യമാകണമെന്ന് നിര്‍ബന്ധമില്ല. എങ്കിലും ഇക്കാര്യത്തില്‍ ഏറെക്കുറെ മൃഗങ്ങളുമായി നമ്മള്‍ സമാനരാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam