'ഓടിക്കൊണ്ടിരിക്കുന്ന കല്യാണം'; കൊവിഡ് കാലത്തെ പുതിയ 'ഐഡിയ'

By Web TeamFirst Published Oct 7, 2020, 11:27 PM IST
Highlights

സുഹൃത്തുക്കളേയും ബന്ധുക്കളേയുമെല്ലാം വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നത് ഇരുവരുടേയും ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം വിവാഹം മാറ്റിവച്ചു. പിന്നീട് പ്രിയപ്പെട്ടവരേയെല്ലാം ചേര്‍ത്തുകൊണ്ട് തന്നെ എങ്ങനെ വിവാഹം നടത്താമെന്ന് ആലോചിച്ചു

തികച്ചും അപ്രതീക്ഷിതമായാണ് നമ്മുടെയെല്ലാം സൈ്വര്യജീവിതത്തിലേക്ക് കൊവിഡ് 19 എന്ന വില്ലന്‍ കടന്നുവന്നത്. ആളുകള്‍ ഒത്തുകൂടുന്നതും, ആഘോഷിക്കുന്നതുമെല്ലാം രോഗവ്യാപനം മുന്‍നിര്‍ത്തി നിയന്ത്രിക്കപ്പെട്ടപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധിയിലായിപ്പോയ ഒരു വിഭാഗം, നേരത്തേ വിവാഹം നിശ്ചയിക്കപ്പെട്ട നിരവധി യുവതീയുവാക്കളായിരുന്നു. 

പലരും വിവാഹം മാറ്റിവച്ചു. ലോക്ഡൗണും തുടര്‍ന്നുള്ള നിയന്ത്രണങ്ങളുമെല്ലാം വീണ്ടും മാസങ്ങളോളം നീണ്ടപ്പോള്‍ ചിലരെങ്കില്‍ ചില ബദല്‍ സാധ്യതകളെപ്പറ്റി ആലോചിച്ചു. അങ്ങനെ ആളുകളുടെ എണ്ണം കുറച്ചുകൊണ്ടുള്ള വിവാഹങ്ങളും, ഓണ്‍ലൈന്‍ വിവാഹങ്ങളുമെല്ലാം ഏറെ നടന്നു. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹത്തിനാണ് പോയ വാരത്തില്‍ ഇംഗ്ലണ്ടിലെ ചെസ്‌ഫോര്‍ഡ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'ഓടിക്കൊണ്ടിരിക്കുന്ന കല്യാണം' എന്നെല്ലാം ഒറ്റവാക്കില്‍ രസകരമായി ഇതിനെ വിശേഷിപ്പിക്കാം. 

അതായത്, വിവാഹത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍, ആ പരിമിതിയെ മറികടന്നുകൊണ്ട് എങ്ങനെ ആഘോഷം നടത്താം എന്നതിന് പുതിയൊരു മാതൃക. ഇന്ത്യയില്‍ വേരുകളുള്ള റോമ പൊപാട്ടും വിനയ് പട്ടേലുമാണ് തങ്ങളുടെ വിവാഹം ഇത്തരത്തില്‍ വ്യത്യസ്തമാക്കിയത്. 

സുഹൃത്തുക്കളേയും ബന്ധുക്കളേയുമെല്ലാം വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നത് ഇരുവരുടേയും ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം വിവാഹം മാറ്റിവച്ചു. പിന്നീട് പ്രിയപ്പെട്ടവരേയെല്ലാം ചേര്‍ത്തുകൊണ്ട് തന്നെ എങ്ങനെ വിവാഹം നടത്താമെന്ന് ആലോചിച്ചു. 

തുടര്‍ന്ന് 'സഹേലി ഇവന്റ്‌സ്' എന്ന ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെ ഇരുവരും പുതിയ ആശയത്തിലേക്കെത്തി. നിയമം അനുവദിക്കുന്ന അത്രയും പേരുടെ സാന്നിധ്യത്തില്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തുക. ഈ ഹാളിന് പുറത്തായി വാഹനങ്ങളില്‍ തന്നെ മറ്റ് അതിഥികള്‍ക്ക് ഇരിക്കാം. അവിടെ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇവര്‍ക്ക് വിവാഹച്ചടങ്ങുകളും കാണാം. 

പിന്നീട് തുറന്ന വാഹനത്തില്‍ വധുവും വരനും വാഹനങ്ങളിലിരിക്കുന്ന അതിഥികളെയെല്ലാം കാണും. എല്ലാവര്‍ക്കും വിവാഹത്തില്‍ പങ്കെടുത്തതായ അനുഭവം ഇതിലൂടെ ലഭ്യമാകും. വാഹനങ്ങളില്‍ ഇരുന്നുകൊണ്ട് അതിഥികള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഇതിനായി സുരക്ഷിതമായ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തി. 

എന്തായാലും സംഗതി വിജയകരമായിരുന്നുവെന്നാണ് 'സഹേലി ഇവന്റ്‌സ്' അറിയിക്കുന്നത്. വധുവും വരനും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തില്‍ തന്നെ. ഇനി ലോക്ഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവരില്ലാതെ വിവാഹം നടത്തുന്നുവെന്ന ദുഖം മാറ്റിവച്ച് ഇതിനെ മാതൃകയാക്കാവുന്നതാണെന്നും 'സഹേലി ഇവന്റ്‌സ്' പറയുന്നു. 

Also Read:- 'സോഷ്യൽ മീഡിയക്ക് അടിമയല്ലാത്ത വധുവിനെ ആവശ്യമുണ്ട്'; വിവാഹ പരസ്യം ചർച്ചയാകുന്നു...

click me!