
ജീവിതപങ്കാളി നിങ്ങളെ ഉപേക്ഷിച്ചുപോയാലോ എന്ന് പേടിച്ചു സങ്കടപ്പെടാറുണ്ടോ? Fear of rejection എന്ന അവസ്ഥയാണിത്. ഇപ്പോൾ നിങ്ങളുടെ ജീവിതപങ്കാളിയുമായി നിങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. നിങ്ങളുടെ ജീവിതപങ്കാളി വിശ്വസിക്കാൻ കഴിയുന്ന വ്യക്തിയാണ് എന്ന് നിങ്ങൾക്ക് വ്യക്തമായി അറിയുകയും ചെയ്യാം, എങ്കിൽപ്പോലും ഭയം നിങ്ങളെ അവസ്ഥതരാക്കുന്ന അവസ്ഥ.
എന്താണ് ഇതിനു കാരണം എന്ന് പരിശോധിക്കാം :
മുൻപുണ്ടായിരുന്ന റിലേഷന്ഷിപ്പിൽ ഉണ്ടായ മാനസികാഘാതം- സ്നേഹിച്ച വ്യക്തി വിശ്വസിക്കാൻ കഴിയാത്ത ആളാണെന്നു അറിയുക, ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം റിലേഷൻഷിപ് അവസാനിപ്പിക്കുക, മുൻപ് ബ്രേക്ക് അപ്പ് ഉണ്ടാവുക എന്നതെല്ലാം ഇനിയുള്ള റിലേഷൻഷിപ്പിലും സൗഹൃതത്തിലും ഒക്കെ അങ്ങനെ ആവർത്തിക്കുമോ എന്ന പേടി ഉണ്ടാകാൻ കാരണമാകും.
സ്വയം വിലയില്ലായ്മയും കോൺഫിഡൻസ് കുറവും - ഞാൻ സ്നേഹിക്കപ്പെടാൻ അർഹതയില്ലാത്ത ആളാണ് എന്ന് സ്വയം വിശ്വസിക്കുക, മറ്റുള്ളവർ എല്ലാം എന്നേക്കാൾ മികച്ചതാണ് എന്ന തോന്നൽ, എപ്പോഴും സ്വയം കുറ്റപ്പെടുത്തി സംസാരിക്കുന്ന ശീലം എന്നിവ ഉള്ളവരിൽ പങ്കാളി ഉപേക്ഷിക്കുമോ എന്ന ഭയം ഉണ്ടാകാൻ സാധ്യത അധികം. ഈ സ്വയം വിലയില്ലായ്മയും ചെറുപ്പകാലത്തെ അനുഭവങ്ങളോ, മാതാപിതാക്കളുടെ അവഗണനയോ ഒക്കെ കാരണം ആയേക്കാം.
സ്നേഹം കിട്ടാതെ വളർന്നത് - കുഞ്ഞുപ്രായം മുതലുള്ള ഒറ്റപ്പെടൽ, മാതാപിതാക്കളിൽ നിന്നും സ്നേഹം കിട്ടാതെ വളർന്നത് ഒക്കെ സ്നേഹം കിട്ടാൻ വേണ്ടിയുള്ള വലിയ ആഗ്രഹം ഇവരിൽ ഉണ്ടാക്കും. അതുകൊണ്ടു തന്നെ പങ്കാളിയിൽ നിന്നും സ്നേഹം കിട്ടുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന അമിത ഉത്കണ്ഠയും ഇവരിൽ ഉണ്ടാകും.
പങ്കാളിയെ അമിതമായി ആശ്രയിക്കുന്ന രീതി - പങ്കാളിയുടെ സ്നേഹം ഏറ്റവും അധികമായി കിട്ടുമ്പോൾ മാത്രമാണ് ഞാൻ പെർഫെക്റ്റ് ആകുന്നത്, എന്റെ ജീവിതത്തിന് അർദ്ധമുണ്ടാകുന്നത് എന്ന അമിതമായ വിശ്വാസം. സ്വന്തം കഴിവിലും നേട്ടങ്ങളിലും ഒന്നും ഒട്ടും ശ്രദ്ധയും സന്തോഷവും ഇല്ലാതെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം സ്വയം വില തോന്നുന്ന അവസ്ഥ.
ചില ആഴമായ വിശ്വാസങ്ങൾ - എന്നെ ആരും സ്നേഹിക്കില്ല, എന്നെ എല്ലാവരും ഉപേക്ഷിച്ചുപോകും എന്ന് നിരന്തരം ചിന്തിക്കുക. പങ്കളിയും സുഹൃത്തുക്കളും അവരെ സ്നേഹിക്കുന്നുണ്ട് എന്ന സാഹചര്യത്തിൽ പോലും ഇതൊന്നും ശാശ്വതമല്ല എന്നെ എല്ലാവരും ഉപേക്ഷിക്കും എന്നെനിക്ക് ഉറപ്പാണ് എന്ന് വിശ്വസിക്കുന്ന അവസ്ഥ.
എങ്ങനെ പരിഹരിക്കാം
സ്വയം വില നൽകാൻ പഠിക്കണം - മറ്റൊരു വ്യക്തി എനിക്ക് വില നൽകുമ്പോൾ മാത്രമാണ് എന്റെ ജീവിതം അർദ്ധമുള്ളതാകുന്നത് എന്ന ചിന്ത ഉപേക്ഷിക്കുക. സ്വയം സന്തോഷവും അഭിമാനവും തോന്നുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ കൊണ്ടുപോകണം. മറ്റുള്ളവരുടെ സ്നേഹം കിട്ടുന്നതുപോലെതന്നെ പ്രധാനമാണ് സ്വയം വില നൽകുക എന്നതും. സ്നേഹം സ്വീകരിക്കുന്നതും അമിതമായി ഒരു വ്യക്തിയെ ആശ്രയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഞാൻ ഒരുപാട് മറ്റുള്ളവരെ വൈകാരികമായി ആശ്രയിക്കുന്നുണ്ടോ, ഒരുപാട് ഭയപ്പെടുന്നുണ്ടോ എന്നെല്ലാം ഇടയ്ക്കിടെ സ്വയം ചെക്ക് ചെയ്തു നോക്കുക. അങ്ങനെ അമിതമായി ഭയപ്പെടേണ്ട ആവശ്യമില്ല- കാരണം ഞാൻ സ്നേഹം അർഹിക്കുന്ന വ്യക്തിയാണ് എന്നത് സ്വയം ഓർമ്മിപ്പിക്കുക. മനസ്സിൽ ഉള്ള ഭയങ്ങളെപ്പറ്റി പങ്കാളിയോട് തുറന്നു പറയാൻ ശ്രമിക്കണം. നിങ്ങളെ അംഗീകരിക്കുന്ന പങ്കാളി അത് കേൾക്കാനും നിങ്ങളെ സപ്പോർട്ട് ചെയ്യാനും തയ്യാറാവും. ഒരുപാട് ഭയം അനുഭവപ്പെടുന്നു എങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കണം.
( ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)