13 അടി നീളം, 15 കിലോ ഭാരം; ഓവുചാലില്‍ കുടുങ്ങിയ രാജവെമ്പാലയെ പുറത്തെടുക്കുന്ന വീഡിയോ...

By Web TeamFirst Published Oct 15, 2019, 2:19 PM IST
Highlights

ഒരു പരിധിയിലധികം വലിപ്പമുള്ള പാമ്പ്, അതും വിഷമുള്ള ഇനമാണെങ്കില്‍ കൈ വയ്ക്കാന്‍ നാട്ടുകാരൊന്ന് മടിക്കും. അത്തരം സാഹചര്യങ്ങളിലെല്ലാം ആശ്രയമാകുന്നത് 'പ്രൊഫഷണല്‍' ആയ പാമ്പ് പിടുത്തക്കാരാണ്. അവര്‍ പാമ്പുകളെ പിടികൂടുന്നത് കാണാനാണെങ്കില്‍ ബഹുരസവുമാണ്. ഒരേസമയം കൗതുകവും ആകാംക്ഷയും പേടിയുമുണ്ടാക്കും ആ കാഴ്ച

ജനവാസമേഖലകളില്‍ സാധാരാണ ചെറുപാമ്പുകളെ കണ്ടാല്‍ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യലാണ് പതിവ്. ഒന്നുകില്‍ നിയമവിരുദ്ധമായി അതിനെ അടിച്ചുകൊല്ലും. അല്‍പമെങ്കിലും അറിവുള്ളവരാണെങ്കില്‍ അതിനെ പിടിച്ച് അടുത്തുള്ള കാട്ടിലോ മറ്റോ കൊണ്ടുപോയി തുറന്നുവിടും.

എന്നാല്‍ ഒരു പരിധിയിലധികം വലിപ്പമുള്ള പാമ്പ്, അതും വിഷമുള്ള ഇനമാണെങ്കില്‍ കൈ വയ്ക്കാന്‍ നാട്ടുകാരൊന്ന് മടിക്കും. അത്തരം സാഹചര്യങ്ങളിലെല്ലാം ആശ്രയമാകുന്നത് 'പ്രൊഫഷണല്‍' ആയ പാമ്പ് പിടുത്തക്കാരാണ്. അവര്‍ പാമ്പുകളെ പിടികൂടുന്നത് കാണാനാണെങ്കില്‍ ബഹുരസവുമാണ്. ഒരേസമയം കൗതുകവും ആകാംക്ഷയും പേടിയുമുണ്ടാക്കും ആ കാഴ്ച.

അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്. തായ്‌ലാന്റിലെ ബാങ്കോക്കില്‍ ഒരു വലിയ ഹൗസിംഗ് എസ്‌റ്റേറ്റാണ് സ്ഥലം. മുമ്പ് കാടായിരുന്നിടമാണ്. അത് ഭാഗികമായി വെട്ടിത്തെളിച്ചാണ് എസ്റ്റേറ്റാക്കിയിരിക്കുന്നത്. ഇതിനകത്ത് വച്ച് സെക്യൂരിറ്റി ജീവനക്കാര്‍ ഒരുഗ്രന്‍ പാമ്പിനെക്കണ്ടു. തായ്‌ലാന്റ് പാമ്പുകളുടെ സ്വന്തം നാടാണ്. അവിടെ ഒരുവിധപ്പെട്ട പാമ്പുകളെയൊന്നും ആരും അങ്ങനെ വകവച്ച് കൊടുക്കാറില്ല. അത്ര സാധാരണമാണെന്ന് ചുരുക്കം. 

എന്നാല്‍ ഈ പാമ്പിനെ കണ്ട മാത്രയില്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ പേടിച്ചു. ഒറ്റക്കാഴ്ചയില്‍ത്തന്നെ താന്‍ വമ്പനാണെന്ന് ധരിപ്പിക്കാന്‍ പോന്നയിനം. അങ്ങനെ അവരുടനെത്തന്നെ പാമ്പ് പിടുത്തക്കാരുടെ ഒരു സംഘത്തെ വിളിച്ചുവരുത്തി. അവരെത്തിയപ്പോഴേക്ക് പാമ്പ് ജീവനും കൊണ്ട് പരക്കം പായാന്‍ തുടങ്ങി. 

നല്ല വിഷമുള്ള രാജവെമ്പാലയാണ് സാധനമെന്ന് പാമ്പ് പിടുത്തക്കാര്‍ ആദ്യമേ സാക്ഷ്യപ്പെടുത്തി. അതിനാല്‍ത്തന്നെ നാട്ടുകാരാരും അധികം അടുക്കാന്‍ ധൈര്യപ്പെട്ടില്ല. വിറളി പിടിച്ച പാമ്പ് ഒടുവില്‍ ചെന്നുകയറിയത് ഒാവുചാലിലെ ഒരു വലിയ പൈപ്പിലേക്കാണ്. പിന്നെ അതിനകത്ത് നിന്ന് ഇറങ്ങാന്‍ പറ്റാതായി. 

പാമ്പ് തനിയെ ഇറങ്ങുന്നതും നോക്കി സംഘം കുറച്ചുനേരം കാത്തിരുന്നു. പിന്നെയാണ് സംഗതി കുരുക്കിലായിരിക്കുകയാണെന്ന് അവര്‍ക്കും മനസിലായത്. എന്നാല്‍പ്പിന്നെ തങ്ങള്‍ തന്നെ ഇടപെട്ട് പുറത്തിറക്കാമെന്ന് തീരുമാനിച്ചു. പക്ഷേ, വിചാരിച്ച പോലെ അത്ര എളുപ്പത്തിലൊന്നും പാമ്പിനെ പുറത്തെടുക്കാനായില്ല. കഷ്ടപ്പെട്ട് ഒന്ന് കയ്യിലാകുമ്പോഴേക്ക് സര്‍വശക്തിയുമെടുത്ത് കുതറിപ്പോകും പാമ്പ്. വീണ്ടും ചാലിനകത്തെ വെള്ളത്തിലേക്ക് ഊളിയിടും. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് സംഘം ആശാനെ ഒന്ന് പുറത്തിറക്കിയത്.

എന്തായാലും തങ്ങളുടെ കരിയറില്‍ ഇതുവരെ പിടിച്ച പാമ്പുകളില്‍ മൂന്നാമത്തെ വലിയ പാമ്പാണിതെന്നാണ് സംഘം അവകാശപ്പെടുന്നത്. 13 അടി നീളവും 15 കിലോ തൂക്കവുമുണ്ട് ഇതിന്. ഇത്രയും വലിപ്പമുള്ള രാജവെമ്പാലകളെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നാണ് സംഘം പറയുന്നത്. ഏതായാലും ഉഗ്രവിഷമുള്ള പാമ്പിനെ കയ്യോടെ വനപാലകര്‍ക്ക് കൈമാറിയാണ് സംഘം മടങ്ങിയത്. 

വീഡിയോ കാണാം...

 

click me!