കനം കുറഞ്ഞ ബിക്കിനിയിട്ടു; ടൂറിസ്റ്റായ യുവതിക്കെതിരെ അറസ്റ്റും പിഴയും

By Web TeamFirst Published Oct 15, 2019, 5:28 PM IST
Highlights

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും താമസത്തിനായി പുക്ക ബീച്ചിനടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തത്. അന്ന് ഉച്ചതിരിഞ്ഞ് ഇവര്‍ ബീച്ചിലേക്ക് നടക്കാനിറങ്ങി. സായാഹ്നസഞ്ചാരത്തിന് പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രം കണ്ട് ആദ്യം ഹോട്ടല്‍ ജീവനക്കാര്‍ ഞെട്ടി

ഓരോ രാജ്യങ്ങളിലും അവിടത്തേതായ സംസ്‌കാരമുണ്ട്. ഭക്ഷണമോ വസ്ത്രമോ സംസാരരീതികളോ പെരുമാറ്റമോ എന്തുമാകട്ടെ, അവയെല്ലാം തന്നെ ആ സംസ്‌കാരവുമായി ഒത്തുപോകുന്നതായിരിക്കണം. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം മനസിലുയര്‍ന്നോ?

അല്ലെങ്കില്‍ ദാ അവസ്ഥ ഇങ്ങനെയാകുമെന്നാണ് ഫിലിപ്പീന്‍സില്‍ കഴിഞ്ഞയാഴ്ച നടന്നൊരു സംഭവം വ്യക്തമാക്കുന്നത്. തായ്വാനില്‍ നിന്ന് തന്റെ കാമുകനോടൊപ്പം അവധിയാഘോഷിക്കാന്‍ ഫിലിപ്പീന്‍സിലെത്തിയതാണ് ഇരുപത്തിയാറുകാരിയായ ലിന്‍ട്‌സു ടിംഗ്. 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും താമസത്തിനായി പുക്ക ബീച്ചിനടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തത്. അന്ന് ഉച്ചതിരിഞ്ഞ് ഇവര്‍ ബീച്ചിലേക്ക് നടക്കാനിറങ്ങി. സായാഹ്നസഞ്ചാരത്തിന് പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രം കണ്ട് ആദ്യം ഹോട്ടല്‍ ജീവനക്കാര്‍ ഞെട്ടി. 

പേരിനൊരു ബിക്കിനി എന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ എന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. അത്രയും കനം കുറഞ്ഞ വസ്ത്രമായിരുന്നുവത്രേ അത്. തുടര്‍ന്ന് ഇക്കാര്യം തങ്ങള്‍ യുവതിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഇത്തരം വസ്ത്രങ്ങള്‍ ഇവിടെ പരസ്യമായി ആരും ധരിക്കാറില്ലെന്നും അത് മാറ്റിവരണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ അതനുസരിക്കാന്‍ യുവതി തയ്യാറായില്ല. 

അന്ന് നടക്കാനിറങ്ങിയ യുവതിയുടെ ബിക്കിനി ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ ഫിലിപ്പീന്‍സില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. പിറ്റേന്ന് ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഹോട്ടലില്‍ യുവതിയെ അന്വേഷിച്ചെത്തി. അങ്ങനെ വ്യാഴാഴ്ച അതേ ബീച്ചില്‍ വച്ചുതന്നെ കാമുകനൊപ്പം നില്‍ക്കുകയായിരുന്ന യുവതിയെ അവര്‍ അറസ്റ്റ് ചെയ്തു. കൂടാതെ 3,500 രൂപയുടെ പിഴയും ഇവര്‍ക്കെതിരെ ചുമത്തി. 

തങ്ങളുടെ രാജ്യത്തിന് മാതൃകാപരമായ സംസ്‌കാരമുണ്ട്, അതിനെ മാനിക്കുന്ന തരത്തില്‍ ജീവിക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും അത് വിനോദസഞ്ചാരികള്‍ക്കും ബാധകമാണെന്നും പൊലീസ് ചീഫ് മേജര്‍ ജെസ് ബെയ്‌ലണ്‍ വ്യക്തമാക്കി. എന്തായാലും ബിക്കിനി ഫോട്ടോ വൈറലായതിന് പിന്നാലെ യുവതിയുടെ അറസ്റ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 

വസ്ത്രധാരണം വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും, അതില്‍ അധികാരികള്‍ കൈ കടത്തുന്നത് സംസ്‌കാരമല്ല, മറിച്ച് സാംസ്‌കാരിക ദാരിദ്ര്യമാണെന്നും വാദിച്ച് ഇതിനിടെ ഒരു ചെറിയ വിഭാഗം രംഗത്തെത്തി. അതേസമയം ഭൂരിഭാഗം പേരും യുവതിക്കെതിരെ നടപടിയെടുത്തതിനെ അംഗീകരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

click me!