
ആലപ്പുഴ: കഞ്ചാവുമായി സൈനികൻ ഉൾപ്പെടെ 4 പേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സന്ദീപ് രാജസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിലാണ്. ഇയാളുടെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്. ആർമിയിൽ നിന്ന് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നതെന്നും സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.
കിടപ്പുമുറിയിൽ നിന്നും 1.115 kg കഞ്ചാവാണ് പിടികൂടിയത്. അതേസമയം, കേസിൽ അറസ്റ്റിലായ ഗോകുലും ജിതിനും കൊലപാതക ശ്രമകേസിൽ പ്രതികളാണ്. ജില്ലയിലെ ക്രമിനൽ കേസിലുള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഇവരെ കുറിച്ച് മനസിലാക്കി ജില്ലാ ലഹരി വിരുദ്ധ ടീം ഇവരുടെ പിറകെ കൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാറിൻ്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ജോൺ, ആദർശ്, സീനിയർ സിപിഓമാരായ സനീഷ്, ഇർഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ലോ ആൻഡ് ഓർഡർ എൽഡിജിപിയുടെ ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ ശക്തമായ പരിശോധനയാണ് ജില്ലയിലുടനീളം നടത്തി വരുന്നത്.