നാൽവർ സംഘമെത്തി താരപരിവേഷമില്ലാതെ

By Web TeamFirst Published Nov 1, 2021, 10:03 PM IST
Highlights

മനസ്സുപോലെ ഒരു ബഞ്ചിരിക്കാനാണ് നാല് പേരും മോഹിച്ചതെങ്കിലും നിയമ പ്രകാരം സാമൂഹിക അകലം പാലിച്ചാണ് നാൽവർസംഘത്തിന്റെ ക്ലാസ് മുറിയിലെ  ഇരിപ്പിടം. 

ചേർത്തല: നാൽവർ സംഘമെത്തി താരപരിവേഷമില്ലാതെ. പട്ടണക്കാട് പുതിയകാവ് വടാത്തോടത്ത് ശാന്തിനികേതനിൽ കെ ജി ശശികുമാറിന്റെയും അജിതയുടെയും മക്കളായ ആര്യയും ഐശ്വര്യയും ആദർശും അദൃശ്യയുമാണ് സ്കൂളിലെത്തിയത്. നാല് പേരുടെയും ഒന്നിച്ചുള്ള ജനനം മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും വൈറലായിരുന്നു. 

മനസ്സുപോലെ ഒരു ബഞ്ചിരിക്കാനാണ് നാല് പേരും മോഹിച്ചതെങ്കിലും നിയമ പ്രകാരം സാമൂഹിക അകലം പാലിച്ചാണ് നാൽവർസംഘത്തിന്റെ ക്ലാസ് മുറിയിലെ  ഇരിപ്പിടം. മൊബൈലിലൂടെ മാത്രം കണ്ടിട്ടുള്ള കൂട്ടുകാരെ അടുത്തുകണ്ട ത്രില്ലിലായിരുന്നു നാലുപേരും. പുതിയകാവ് ഗവൺമെന്റ് യു പി സ്കൂളിലാണ് പ്രവേശനോത്സവത്തിൽ മാസ്ക്ക് ധരിച്ചാണ് ക്ലാസിലെത്തിയത്. 

സ്കൂളിൽ രണ്ടു ബാച്ചായാണ് ക്ലാസെങ്കിലും നാൽവർ സംഘത്തിന് ഒന്നിച്ചുതന്നെ പ്രവേശനം സ്കൂൾ അധികൃതർ ഒരുക്കിയിരുന്നു. 2015 ഡിസംബറിലായിരുന്നു ഒറ്റപ്രസവത്തിൽ നാലുകൺമണികളുടെ ജനനം. രണ്ടുവർഷം മുമ്പ് ഇതേ സ്കൂളിൽ നാലുപേരും എൽ കെ ജിയിൽ ചേർന്ന് സ്കൂളിനെ കണ്ടറിഞ്ഞിരുന്നു. തുടർന്ന് കോവിഡ് വ്യാപനത്തിൽ യു കെ ജി പഠനം അച്ഛന്റെ മൊബൈൽ വഴിയായി. ഇക്കുറിയും സ്കൂളധികൃതർ പാഠപുസ്തകങ്ങളുംമറ്റും നേരത്തെതന്നെ വീട്ടിലെത്തിച്ചു നൽകിയിരുന്നു. 

ഒരു ഫോണിൽ തന്നെയാണ് നാലുപേരുടെയും പഠനം. ഓൺലൈനിലാണ് പഠനമെന്നതിനാൽ നാലുപേരെയും ഒരേപോലെ പഠിപ്പിക്കുമ്പോൾ സ്കൂളുപോലെയായിരുന്നു ശാന്തിനികേതൻ വീടെന്ന് പരമ്പരാഗത വിഷവൈദ്യനായ ശശികുമാർ പറഞ്ഞു.

click me!