ആക്കുളം-ചേറ്റുവ ജലപാത തുറക്കുന്നു; പിന്നിടുന്നത് ചിലക്കൂർ തുരങ്കം എന്ന കടമ്പ

Published : Feb 26, 2026, 04:52 PM IST
Chilakor tunnel

Synopsis

ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറക്കുന്നു. വർക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കം നവീകരിച്ചതാണ് ഈ ഘട്ടത്തിലെ പ്രധാന നേട്ടം. 

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ പശ്ചിമതീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഫെബ്രുവരി 26ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമ്പോൾ പിന്നിടുന്നത് ചിലക്കൂർ തുരങ്കം എന്ന കടമ്പ. ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു വർക്കലയിലെ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണം. ഈ പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചാണ് പാത തുറക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ആക്കുളം-ചേറ്റുവ ജലപാത നവീകരിച്ചത്. ഇതിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ നിർവ്വഹിക്കും. 2018 ൽ സംസ്ഥാന സർക്കാരും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിർമ്മിച്ചത്. തിരുവനന്തപുരത്തെ വള്ളക്കടവ് മുതൽ വർക്കല കുന്ന് വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി 1824ലാണ് പാർവതി പുത്തനാർ എന്ന ജലപാത നിർമ്മിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജൻറ് ആയിരുന്ന ഗൗരി പാർവതിബായിയുടെ പേരും പുതിയതായി നിർമ്മിച്ചതുകൊണ്ട് പുത്തനാർ എന്നും ചേർത്താണ് പാർവതി പുത്തനാർ എന്നു വിളിച്ചത്.

വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിർമ്മാണം ആരംഭിച്ചത്. ജലപാതയുടെ തുടർ നിർമ്മാണത്തിൽ വർക്കല കുന്ന് കടക്കുകയെന്നത് വലിയ കടമ്പയായിരുന്നു. തിരുവനന്തപുരത്തു നിന്ന് വള്ളങ്ങൾ വർക്കല കുന്ന് വരെ വന്ന ശേഷം കാൽനടയായി വേണമായിരുന്നു ആലപ്പുഴയിലേക്കും മറ്റും പോകാൻ.

ഇത് പരിഹരിക്കാനായി തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമയുടെ കാലത്ത് 1876 ൽ ഇന്നത്തെ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചു. ഇതാണ് വർക്കല തുരപ്പ് എന്നറിയപ്പെടുന്നത്. 15,000 കിലോമീറ്റളോളം ഗതാഗതയോഗ്യമായ ഉൾനാടൻ ജലപാതകളുള്ള ഇന്ത്യയിൽ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വർക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിൻറെ നീളം. ചിലക്കൂർ തുരങ്കത്തിൻറെ ദൈർഘ്യം 340 മീറ്ററും.

വർക്കല തുരപ്പിൻറെ നിർമ്മാണ ശേഷം തിരുവിതാംകൂർ രാജ്യപരിധിയിൽ ഈ ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്ക് നീക്കവും സുഗമമായി നടന്നു. പിന്നീട് റോഡ്, റെയിൽ മാർഗമുള്ള ഗതാഗതത്തിന് പ്രാധാന്യം വന്നതോടെ ക്രമേണ ജലപാതയുടെ ഉപയോഗം കുറയുകയും വർക്കല തുരപ്പ് അടക്കം വിവിധ ഇടങ്ങൾ യാത്രായോഗ്യമല്ലാതാകുകയും ചെയ്തു.

1960 വരെ തുരങ്കം ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് കാട്ടുചെടികളും നിറഞ്ഞ് തുരങ്കം ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ താൽക്കാലികമായി ഒരുക്കി. സർക്കാർ തലത്തിൽ കനാൽ നവീകരണവും വർക്കല തുരങ്കം ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്തിരുന്ന വേളയായിരുന്നു അത്. പദ്ധതിയുടെ ആലോചനാ വേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ശിവഗിരി തുരങ്കം വഴി ബോട്ടിൽ സഞ്ചരിച്ചു. തുടർന്ന് ഇത് നവീകരിച്ച് ഗതാഗത യോഗ്യമാക്കാമെന്ന ആശയം ചർച്ചയിൽ വന്നു.

2018 ൽ സംസ്ഥാന സർക്കാർ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി ആരംഭിക്കുകയും തകർന്ന കനാലുകൾ നവീകരിക്കുകയും ചെയ്തു. 2021 -22 ൽ കോവളം മുതൽ ബേക്കൽ വരെയുള്ള കനാലിൻറെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. പുനർഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കൽ, കനാൽ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.

ചരക്ക് നീക്കത്തിനും ജലാധിഷ്ഠിത ടൂറിസത്തിനും ആക്കുളം-ചേറ്റുവ പാത വലിയ ഉത്തേജനം നൽകുമെന്ന് ക്വിൽ ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. പശ്ചിമതീര ജലപാതയെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 616 കിലോമീറ്റർ ദൈർഘ്യമുള്ള കോവളം-ബേക്കൽ ജലപാത രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണ്. സംസ്ഥാനത്തെ കായലുകൾ, നദികൾ, മനുഷ്യനിർമ്മിത കനാലുകൾ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലപാത എന്നതാണ് ഇതിൻറെ സവിശേഷത.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മീൻമുട്ട എവിടെനിന്ന് വന്നു? തമിഴ്നാട്ടിലെത്തി കേരളത്തിലെ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ, പരിശോധനക്ക് സമ്മതിക്കാതെ അധികൃതർ
രാഹുൽ ഗാന്ധിയുടെ സന്ദർശനം; ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം