
ഹരിപ്പാട് (ആലപ്പുഴ) : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ അയൽവാസികൾ ആക്രമിച്ച കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപവുമായി കുടുംബം. മുതുകുളം വടക്ക് ആകാശ് ഭവനത്തിൽ പ്രസാദും ഭാര്യ അമ്പിളിയുമാണ് വാർത്താ സമ്മേളനത്തിൽ കനകക്കുന്ന് പൊലിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
മെയ് 2 ന് തങ്ങളുടെ വീട്ടിലേക്കുള്ള നടപ്പാതയ്ക്ക് സമീപം അയൽവാസി വിജയകുമാർ കോൺക്രീറ്റ് പിച്ചിംഗ് കെട്ടുന്നതുമായി സംബന്ധിച്ച് തർക്കം നടന്നിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ പ്രസാദിനെയും, മകനേയും, മാനസിക വെല്ലുവിളി നേരിടുന്ന മകളേയും വിജയകുമാറും മകനും ചേർന്ന് മർദ്ദിക്കുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ പ്രസാദും മക്കളും ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി. ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ച് ഹരിപ്പാട് പൊലിസെത്തി മൊഴി രേഖപ്പെടുത്തുകയും കനകക്കുന്ന് പൊലിസിലേക്ക് കേസ് മാറ്റുകയും ചെയ്തെതെങ്കിലും നാളിതു വരെ എതിർ കക്ഷികളെ വിളിച്ച് അന്വേഷിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. എതിർ കക്ഷികൾ കൊടുത്ത പരാതി പ്രകാരം പ്രസാദിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമാണുണ്ടായത്.
പ്രസാദിനെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയും വീടുമായി കഴിയുകയാണ് ഇപ്പോൾ പ്രസാദും കുടുംബവും. സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കനകക്കുന്ന് പൊലിസ് സ്വീകരിച്ചിട്ടുളളതെന്ന് ഇവർ ആരോപിച്ചു. തങ്ങൾക്ക് നീതി ലഭിക്കുവാൻ ഏത് വാതിലിൽ മുട്ടണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് പ്രസാദും കുടുംബവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam