
മലപ്പുറം: ഒരു മാസം മുൻപ് കാണാതായ മലപ്പുറം വാഴക്കാട് സ്വദേശി ജിമേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം
വിഫലം. സാമ്പത്തിക പ്രശ്നങ്ങളാണ് 36കാരന്‍റെ തിരോധാനത്തിന് പിന്നിലെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. വാഴക്കാട് ഇരുപ്പംതൊടി സ്വദേശി ജിമേഷിനെ കഴിഞ്ഞ മാസം പതിനൊന്നാം തീയതി മുതലാണ് കാണാതായത്.
രാത്രി മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് കുറച്ചു വൈകുമെന്ന് പറഞ്ഞതല്ലാതെ വീട്ടില്‍ വേറൊന്നും പറഞ്ഞിരുന്നില്ല. രാത്രി തിരിച്ചുവരാതായതോടെ വിളിച്ച ഫോൺ നമ്പറിലേക്ക് വീട്ടുകാര്‍ തിരിച്ച് വിളിച്ചപ്പോഴാണ് കോഴിക്കോട് ഒരു മൊബൈല്‍ ഫോൺ കടയാണെന്നും ജിമേഷ് ഫോൺ ഇവിടെ വിറ്റെന്ന കാര്യവും അറിയുന്നത്. വീട്ടുകാര്‍ ഉടൻ തന്നെ കോഴിക്കോടും പരിസരങ്ങളിലും തെരെഞ്ഞെങ്കിലും ജിമേഷിനെ കണ്ടെത്താനായില്ല.
വാഴക്കാട് ഒരു കട നടത്തുന്ന ജിമേഷിന് സാമ്പത്തിക ബാധ്യതയുള്ളതായി പിന്നീട് വീട്ടുകാര്‍ക്ക് ബോധ്യമായി. ഈ പ്രതിസന്ധിയില്‍ ജിമേഷ് നാടുവിട്ടോയെന്നാണ് വീട്ടുകാരുടെ സംശയം. അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള കുടുംബം ജിമേഷിന്‍റെ തിരോധാനത്തോടെ ആകെ തളര്‍ന്നു. ജിമേഷിനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടതോടെ വീട്ടുകാരുടെ ആശങ്ക ഏറിയിരിക്കുകയാണ്. മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തതിനാല്‍ കണ്ടുപിടിക്കുന്നത് പൊലീസിനും എളുപ്പമല്ല. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ജിമേഷിനെ എത്രയും വേഗം കണ്ടെത്താൻ ശ്രമിക്കണമെന്നാണ് പൊലീസിനോടുള്ള കുടുംബത്തിന്‍റെ അപേക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam