Latest Videos

പത്തോളം പേരെ കടിച്ചു, രണ്ട് പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാർ തല്ലി കൊന്നു

By Web TeamFirst Published Sep 5, 2022, 12:30 PM IST
Highlights

ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേൽപിച്ചത്. 

കോഴിക്കോട്: കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവിൽ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്.

ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേൽപിച്ചത്. രാവിലെ മുതൽ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങൾ, ഇന്നലെ വൈകുന്നേരവും ചിലർക്കു നായയുടെ കടിയേറ്റു. 

ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്തുടർന്നു തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.

പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു

ഫലം കാണാതെ പേ വിഷ പ്രതിരോധ കുത്തിവെപ്പ്; മൂന്നു ചോദ്യങ്ങളുമായി വിദഗ്ദര്‍

തെരുവുനായ കേസ് സുപ്രീംകോടതിയില്‍

തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ വെള്ളിയാഴ്ച  പരിഗണിക്കാൻ സുപ്രീംകോടതി  തീരുമാനിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്. 

സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സീൻ എടുത്തവരാണ്. പ്രതിരോധ വാക്സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി  അടിയന്തരമായി പരിഗണിക്കാൻ കോടതി  തീരുമാനിച്ചത്. 

ഈ വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു.  തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാൻ ഈ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

click me!