Asianet News MalayalamAsianet News Malayalam

ഫലം കാണാതെ പേ വിഷ പ്രതിരോധ കുത്തിവെപ്പ്; മൂന്നു ചോദ്യങ്ങളുമായി വിദഗ്ദര്‍

സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണ് ഇത്.

12 year-old girl is in a critical stage after taking 3 dose of anti-rabies vaccine
Author
First Published Sep 3, 2022, 12:48 PM IST

പത്തനംതിട്ട:  സംസ്ഥാനത്ത് വീണ്ടും ഫലം കാണാതെ പേ വിഷ പ്രതിരോധ കുത്തിവെപ്പ്. പത്തനംതിട്ട റാന്നിയിൽ തെരുവ് 
നായ കടിച്ച 12 വയസ്സുകാരിയെ പേവിഷ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരാവസ്ഥയാണ്. രണ്ടാഴ്ച മുൻപ് നായകടിയേറ്റ കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിനും 
മൂന്നു ഡോസ് പ്രതിരോധ വാക്സീനും നൽകിയിരുന്നു. പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടും മൂന്നും ഡോസ് വാക്‌സിനുകളും അഭിരാമിക്ക്  എടുത്തു.  

എന്നാൽ ഇന്നലെ രാത്രിയിൽ കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. വായിൽ നിന്ന് പതവരികയും  കാഴ്ചമങ്ങുകയും ചെയ്തു. രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ കുട്ടി. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണ് ഇത്. വാക്സീൻ പരാജയപ്പെട്ട നാലു സംഭവങ്ങൾ ഈ വര്ഷം ഉണ്ടായതായി ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. 

സാധാരണ റാബീസ് വാക്സീൻ മാത്രമല്ല ഗുരുതരമായി കടിയേൽക്കുന്നവർക്ക് നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിനീൻറെ നിലവാരവും സംശയത്തിലാക്കുന്നതാണ് തുടർച്ചയായ ഈ സംഭവങ്ങൾ. മൂന്നു ചോദ്യങ്ങൾക്ക് അടിയന്തിരമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരം കാണണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: ശരിയായ ഗുണനിലവാരമുള്ള വാക്സീനും ഇമ്മ്യൂണോഗ്ലോബുലിനുമാണോ സംസ്ഥാനത്ത് നൽകുന്നത്? രണ്ട്: ശരിയായ രീതിയിലും താപനിലയിലും ആണോ ഈ വാക്‌സിനുകൾ സൂക്ഷിക്കപ്പെടുന്നത്? മൂന്ന്: ശരിയായ രീതിയിലാണോ ഇത് കുത്തിവെക്കുന്നത്?

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശി ഹരീഷിന്റെ മകൾ അഭിരാമിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. അഭിരാമിയുടെ കൈക്കും കാലിലുമായി ആറ് കടിയേറ്റു. ഇടതും കണ്ണിന് താഴെയും കടിയേറ്റു.  അന്നുതന്നെ പത്തനംതിട്ട ജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുദിവസം  ചികിത്സയിൽ കഴിഞ്ഞ  അഭിരാമിക്ക്  ആദ്യഡോസ് വാക്സിനേഷനും  ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പും നൽകി. ആഴത്തിൽ കടിയേറ്റാൽ മുറിവിനു ചുറ്റും നൽകുന്ന പ്രത്യേക കുത്തിവെപ്പാണ്  ഇമ്മ്യൂണോഗ്ലോബുലിൻ. സാധാരണ വാക്സീൻ പ്രവർത്തിക്കാൻ കാലതാമസം എടുക്കും എന്നതിനാലാണ് ഉടൻ പ്രതിരോധത്തിനുള്ള ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. 

അതേസമയം സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി
Read More :  പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ കടിച്ചു; 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

Follow Us:
Download App:
  • android
  • ios