
ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്ന വഴി ആണ് അപകടത്തിൽ പെട്ടത്. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സൈക്കിളിൽ തട്ടുകയും തുടർന്ന് മണിയൻ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആനന്ദവല്ലി.
മക്കൾ : രത്നമ്മ, ഓമനക്കുട്ടൻ, സന്തോഷ്, സതി. മരുമക്കൾ : ശ്രീകുമാർ, ഉഷാകുമാരി, സന്ധ്യ , പരേതനായ ഉദയൻ.
അർത്തുങ്കൽ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാളും തിങ്കളാഴ്ച മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകൻ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അശോകനോടൊപ്പമുണ്ടായിരുന്ന ചെത്തി പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റിരുന്നു.80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അളോകൻ .സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുവർണ്ണ , മകൾ: അഞ്ജലി