
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ചേവായൂർ ഭാഗത്ത് ലോ കോളേജ് വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച വിവിധ സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. നാലു വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ലോ കോളേജ് വിദ്യാർഥി ഓടിച്ച കാർ ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമേ കാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പട്ടിക്കാട് ദേശീയപാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി എന്നതാണ്. മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി പൊലീസ് ആണ് കേസെടുത്തത്. അപകടം ഉണ്ടാക്കുന്ന വിധം ലോറി ദേശീയപാതയിൽ നിർത്തിയിട്ടതിനും, അറ്റൻഡർ ഇല്ലാതെ ഗുഡസുമായി ഹെവി വെഹിക്കിൾ റോഡിൽ ഇറക്കിയതിനും, സുരക്ഷിതമല്ലാത്ത രീതിയിൽ കമ്പി ലോഡ് ചെയ്തതിനുമാണ് ഡ്രൈവർക്ക് എതിരെ നടപടി. വലിയ വാഹനങ്ങളിൽ ലോഡ് കയറ്റുമ്പോൾ പിന്നിലേക്ക് പ്രൊജക്ഷൻ പാടില്ല എന്നാണ് നിയമം, എന്നാൽ ലോറിയുടെ ഒരു മീറ്റർ വെളിയിലേക്ക് കോൺക്രീറ്റ് കമ്പികൾ തള്ളിയിരിക്കുകയായിരുന്നു. ഇരുപതിനായിരം രൂപ പിഴയിടാക്കാവുന്ന കുറ്റമാണിത്. മുന്നറിയിപ്പ് സൂചനകൾ ഇല്ലാതിരുന്ന ലോറി ടാർപോളിൻ കൊണ്ട് മാത്രമാണ് മൂടിയിരുന്നത്. പറന്നുപോയ ടാർപോളിൻ ഷീറ്റ് എടുക്കാൻ ഡ്രൈവർ വണ്ടി നിർത്തി പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം ഉണ്ടാകുന്നത് . ബൈക്കിൽ വരികയായിരുന്ന പാലക്കാട് സ്വദേശി ശ്രദ്ധേഷ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലും തലയിലും കമ്പി കുത്തി കയറിയ ശ്രദ്ധേക്ഷിനെ പീച്ചി പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.