
മാനന്തവാടി: നഗരത്തിലെ ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തം കരുതിക്കൂട്ടിയതെന്ന് പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് ചെന്നലായി സ്വദേശി സുനിലിന്റെ ആറാട്ടുതറയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയില്‍ തീ പടര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചതിനാല്‍ സാമ്പത്തിക നഷ്ടത്തോടൊപ്പം വലിയ അപകടവും ഒഴിവാകുകയായിരുന്നു.
ഷോപ്പ് വിശദമായി പരിശോധിച്ചപ്പോഴാണ് ആരോ മനഃപൂര്‍വ്വം അഗ്നിക്കിരയാക്കിയെന്ന തോന്നല്‍ ഉടമയിലുണ്ടാക്കിയത്. ഇതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കരുതിക്കൂട്ടി തീവെച്ചതാണെന്നതിന് തെളിവും ഷോപ്പില്‍ നിന്ന് തന്നെ ലഭിച്ചതായി ഉടമ പറയുന്നു. കടയുടെ പിന്‍വശത്തെ വാതില്‍ തുറന്നാണ് തീവെക്കാനെത്തിയ സംഘം കടക്കുള്ളിലെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഉരുപ്പടികള്‍ പോളിഷ് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്നാണ് നിഗമനം. രാസവസ്തുക്കളുടെ ഒഴിഞ്ഞ കുപ്പികള്‍ സമീപത്ത് നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനന്തവാടി ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലാണ് തീപിടിത്തം വലിയ അപകടമായി മാറാതിരുന്നത്.