കടലിൽ ആളില്ലാതെ ഒഴുകി നടക്കുന്ന വള്ളം കരയിലെത്തിച്ചു, പരിശോധനയിൽ ഫോണും ചെരുപ്പും കണ്ടെത്തി; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Published : Jul 12, 2025, 10:38 PM IST
missing fisherman search

Synopsis

പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കാണാതായി. പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്. ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ഇയാളെ ഇന്ന് രാവിലെയാണ് കാണാതായത്.

ഇതിനിടെ വിഴിഞ്ഞം ഹാർബറിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയായി കടലിൽ ആളില്ലാതെ ഒഴുകി നടന്ന വള്ളം കണ്ട മറ്റ് തൊഴിലാളികൾ വിവരം അറിയിച്ചു. പിന്നാലെ വിഴിഞ്ഞം കോ‌സ്റ്റൽ, ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്‍റ് വിഭാഗങ്ങൾ സ്ഥലത്തെത്തി. തുടര്‍ന്ന് വള്ളം കരയിലെത്തിച്ചു. വള്ളത്തിനുള്ളിൽ നിന്ന് മൊബൈൽ ഫോണും ചെരുപ്പും കണ്ടെടുത്തതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. 

വളളത്തിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നുമാണ് കാണാതായ ആളെ തിരിച്ചറിഞ്ഞത്. ഇയാൾക്കായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്‍റ്, കോസ്‌റ്റ് ഗാർഡ് എന്നിവ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ തിരച്ചിൽ തുടരും. മുങ്ങൽ വിദഗ്ധരുടെ സേവനവും നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ഇതിനിടെ, വിഴിഞ്ഞം ഹർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ മറ്റൊരു വള്ളത്തിന്‍റെ എഞ്ചിൻ തകരാറിലായതോടെ കടലിൽ കുടുങ്ങി. വള്ളത്തെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യതൊഴിലാളികളേയും മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷിച്ചു. വള്ളക്കടവ് സ്വദേശി ലൂർദ് റൂബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റൂബി എന്ന വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളായ ഡോബി, ജോസഫ്, ജോമോൻ, ജോൺസൻ , സിൽവസ്റ്റർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

 ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ രാജേഷിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥരാണ് റെസ്ക്യൂ വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം, ഇന്നലെ വൈകിട്ട് കരമടി വലയിൽ കിലോക്കണക്കിന് നെത്തോലിയും ഊളിയും അയലയും ലഭിച്ചതോടെ കപ്പലുകൾ കാണാൻ തീരത്തെത്തിയവർക്ക് കോളായി. വിഴിഞ്ഞം സ്വദേശി റൂബന്‍റെ വലയിലാണ് ഇന്നലെ മീൻ കിട്ടിയത്. വൈകിട്ട് 6.30 ഓടെ ഏറെ ശ്രമപ്പെട്ടാണ് വല വലിച്ചു കയറ്റിയത്.രാത്രി വൈകിയും വലയിൽ നിന്നും മീൻ മാറ്റുന്നതിനായി നിരവധി മത്സ്യത്തൊഴിലാളികൾ പണിയെടുക്കേണ്ടിവന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്