
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മറ്റൊരു ഗുണ്ടാസംഘം കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂരിലെ ഗുണ്ടാ നേതാവ് ഹരീഷും സംഘവും ചേർന്നാണ് ക്രിമിനൽ കേസ് പ്രതിയായ രാകേഷിനെ കയ്യേറ്റം ചെയ്തത്. ഈ മാസം 23 ന് നടന്ന സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങൾ ഗുണ്ടാസംഘങ്ങൾ തന്നെയാണ് പ്രചരിപ്പിച്ചത്. മര്‍ദനമേറ്റെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത് രാകേഷ് എന്നയാളാണ്. രാകേഷ് തൃശ്ശൂര്‍ റൂറൽ പൊലീസിന്‍റെ പരിധിയിലെ നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കായക്കുരു രാകേഷ് എന്ന പേരിലാണ് ഇയാള്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയിൽ അറിയപ്പെടുന്നത്. ഇയാളെ ആക്രമിക്കുന്ന സംഘത്തിന് നേതൃത്വം നൽകുന്നയാളുടെ പേര് ഹരീഷ് എന്നാണ്. പുലി ഹരീഷ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇടപ്പള്ളി പള്ളിയുടെ സമീപത്ത് വെച്ച് രാത്രി എട്ടരമണിയോടെ കഴിഞ്ഞ 23നാണ് സംഭവം നടന്നത്. ഇയാളുടെ ചെവിയിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ചതായാണ് വിവരം. ഹരീഷിനെ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരീഷിന്‍റെ 21കാരനായ മകനും അക്രമി സംഘത്തിലുണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.