
കോഴിക്കോട്: 9 വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങാന്‍ അവസരമൊരുക്കിയത്.
മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് മനോനില തെറ്റിയാണ് ഗീത ട്രെയിന്‍ കയറി കോഴിക്കോട്ടെത്തിയത്. പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം മനോനില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലില്‍ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടിനെ കുറിച്ച് നല്‍കിയ സൂചനകള്‍ വെച്ച് ഭോക്കര്‍ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവര്‍ അന്വേഷിച്ച് ഉടന്‍ കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു.
വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ മരിച്ചെന്ന് കരുതി കര്‍മങ്ങളടക്കം ചെയ്ത മക്കള്‍ക്ക് ഗീത ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ആഹ്ലാദമടക്കാനായില്ല. ജോലി ചെയ്യുന്ന ആന്ധ്രയിലെ നിസാമാബാദില്‍നിന്ന് ഉടന്‍ പുറപ്പെട്ട മക്കളായ സന്തോഷ് കുമാര്‍ വാഗ്മാരെയും ലക്ഷ്മി വാഗ്മാരെയും ഇത് പുനര്‍ജന്മമാണെന്നായിരുന്നു പ്രതികരിച്ചത്. അമ്മയെ കാണാതായത് മുതല്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ മക്കള്‍ പങ്കുവെച്ചു.
ആദിവാസി വിഭാഗത്തില്‍ പെട്ട ഗീതയുടെ ഭര്‍ത്താവ് 35 വര്‍ഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചതോടെ രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബം ദുരിതത്തിലായിരുന്നു. അമ്മയെ കാണാതാവുക കൂടി ചെയ്തതോടെ മക്കള്‍ ജോലി തേടി ആന്ധ്രയിലേക്ക് പോയി. അമ്മയെ കണ്ടെത്തിയ വിവരമറിഞ്ഞ് മക്കള്‍ എത്തിയതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ആശാ ഭവന്‍ സാക്ഷ്യം വഹിച്ചത്. മാതാവിനെ സംരക്ഷിച്ചതിന് അവിടുത്തെ ജീവനക്കാര്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ മക്കള്‍ വൈകുന്നേരത്തോടെ മാതാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam