ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടെ രണ്ടരവയസുകാരിയുടെ തല അലുമിനിയം കലത്തിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കലം മുറിച്ച് മാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ കളിച്ച് കൊണ്ടിരിക്കെ രണ്ടരവയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി. പൂവത്തിങ്കല്‍ സജീഷിന്റെ മകൾ ദീപ്ത ശ്രീയുടെ തലയിലാണ് അലുമിനിയം കലം കുടുങ്ങിയത്. ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്തെത്തിയാണ് രക്ഷാ പ്രവ‍‌ർത്തനം നടത്തിയത്. കുട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാർ കലം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടി പേടിച്ച് കരയാനും തുടങ്ങിയിരുന്നു. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് കലം അറുത്ത് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.