
തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗത്ത് യാത്രക്കാർക്ക് അടക്കം ഭീഷണി ഉയർത്തി മരത്തിൽ നില നിന്നിരുന്ന വമ്പൻ തേനീച്ചക്കൂട് വനപാലകർ എത്തി നശിപ്പിച്ചു. കൂട് നീക്കം ചെയ്യുന്നതിനിടെ വാർഡ് കൗൺസിലർക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാവുംഭാഗം എബനസേർ പള്ളിക്ക് സമീപം നെടുമ്പള്ളി റോഡിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിനോട് ചേർന്ന് മരത്തിലാണ് എണ്ണിയാൽ ഒടുങ്ങാത്ത തേനീച്ചകൾ കൂടുകെട്ടി തമ്പടിച്ചിരുന്നത്.
കാൽനടക്കാർക്ക് അടക്കം ഇത് ഭീഷണി ആയതിനെ തുടർന്ന് വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ട് ഏഴരയോടെ ആങ്ങാമൂഴിയിൽ നിന്നും എത്തിയ റെസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെയും വഴി വിളക്കുകളുടെയും വെളിച്ചം അണച്ച ശേഷം തേനീച്ചകളെ നശിപ്പിച്ച് കൂട് പൂർണമായും നീക്കം ചെയ്തു. ഇതിനിടെയാണ് വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന് കാലിൽ തേനീച്ചകളുടെ കുത്തേറ്റത്. കാലിൽ നീര് അനുഭവപ്പെട്ട കൗൺസിലർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam