റോഡിന് അഭിമുഖമായി നിർത്തിയിട്ട ഇന്നോവ, പിന്നിൽ ഒളിച്ച് 4 പേർ, വിവരം തിരക്കിയപ്പോൾ പരുങ്ങൽ, കവർച്ച ക്വട്ടേഷൻ പൊളിച്ച് പൊലീസ്

Published : Sep 22, 2025, 11:49 AM IST
theft quotation bust wayanad

Synopsis

ബെംഗളൂരുവിൽ നിന്ന് വരുന്ന കാർ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് ഇന്നോവ കാ‍ർ ഒതുക്കിയിട്ടത് പട്രോളിംഗ് സംഘത്തിന് മുന്നിൽ പെടുകയായിരുന്നു. പൊലീസുകാ‍ർ ചോദ്യം ചെയ്തതോടെ സംഘത്തിലുള്ളവ‍ർ പരുങ്ങി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കല്‍പ്പറ്റ: വയനാട്ടിൽ വാഹനം കവര്‍ച്ച ചെയ്യാനുള്ള നാലംഗ ക്വട്ടേഷന്‍, കവര്‍ച്ച സംഘത്തെ പൊക്കി പ്ലാന്‍ പൊളിച്ച് കേരള പൊലീസ്. കണ്ണൂര്‍ സ്വദേശികളായ മുഴക്കുന്ന് കയമാടന്‍ വീട്ടില്‍ പക്രു എന്ന എം. ഷനീഷ്(42), പരിയാരം പൊയില്‍തെക്കില്‍ വീട്ടില്‍ സജീവന്‍ (43), വിളക്കോട്പറയില്‍ വീട്ടില്‍ കെ.വി ഷംസീര്‍ (34), വിളക്കോട് കൊക്കോച്ചാലില്‍ വീട്ടില്‍ കെ.എസ്. നിസാമുദ്ധീന്‍(32) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ കല്‍പ്പറ്റ വിനായകയില്‍ വെച്ച് പിടികൂടിയത്. ഷനീഷ് വധശ്രമം, കവര്‍ച്ച, ആയുധം കൈവശം വെക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും ഫോറസ്റ്റ് കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാം പ്രതിയായ സജീവനും മുമ്പ് പ്രതിയാണ് കേസുകളില്‍. ഇവര്‍ ഒന്നിച്ച് കവര്‍ച്ച നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് കല്‍പ്പറ്റയില്‍ എത്തിയതാണെന്ന് മനസ്സിലാക്കിയ പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളിലേക്ക് എത്തിയതിന്റെ തുടക്കം ഇങ്ങനെയാണ്. കല്‍പ്പറ്റ വിനായകയില്‍ റോഡിലേക്ക് അഭിമുഖമായി ഒരു ഇന്നോവ കാര്‍ നിര്‍ത്തിയിട്ടത് രാത്രി പട്രോളിംഗ് നടത്തിയിരുന്ന കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എ.എസ്.ഐ സി. മുജീബ്, ഡ്രൈവര്‍ എ.എസ്.ഐ നെസ്സി, സിവില്‍ പൊലീസ് ഓഫീസര്‍ ജാബിര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. സംശയം തോന്നിയതോടെ വാഹനത്തിന് അടുത്തേക്ക് നീങ്ങിയപ്പോള്‍ പിറകില്‍ നാല് പേര്‍ മാറി നില്‍ക്കുന്നത് കണ്ടു.

പിഴച്ചത് മൊഴികളിലെ കൺഫ്യൂഷനിൽ

ഉദ്യോഗസ്ഥര്‍ ഇവരുടെ അടുത്തെത്തി ചോദ്യം ചെയ്തപ്പോള്‍ നാലുപേരും പരസ്പരവിരുദ്ധമായി സംസാരിച്ചു. ഇതോടെ വിശദമായ അന്വേഷണം നാലുപേരെയും കുറിച്ച് പൊലീസ് നടത്തി. കൂട്ടത്തില്‍ ഷനീഷ് മുന്‍പ് അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന് മനസിലായി. തുടര്‍ന്ന് ഇന്നോവ കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് മനസ്സിലായി. സംഘത്തെ മാറി മാറി ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ ബെംഗളൂരുവില്‍ നിന്നും വരുന്ന വാഹനം കവര്‍ച്ച നടത്തുന്നതിനായി കാത്തുനില്‍ക്കുകയാണെന്നും മനസ്സിലാക്കി.

ഉടന്‍തന്നെ നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി പ്രവീണ്‍കുമാറിനെ വിവരമറിയിക്കുകയും കൂടുതല്‍ പൊലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്‍, ജൂനിയര്‍ എസ്.ഐ കെ. സിന്‍ഷ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷഹീര്‍, വിനീഷ് എന്നിവരും, വൈത്തിരി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സജേഷ് സി. ജോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഖാലിദ്, സുഭാഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കൂടി സ്ഥലത്തെത്തിയാണ് കവര്‍ച്ച നടത്താന്‍ ലക്ഷ്യമിട്ട് നിന്ന സംഘത്തെ വാഹനം സഹിതം കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ