
കല്‍പ്പറ്റ: ആമസോണില്‍ (Amazon) പാസ്‌പോര്‍ട്ട് കവര്‍ (Passport cover) ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒറിജിനല്‍ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍. പനമരം കണിയാമ്പറ്റ എടക്കൊമ്പം സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ഓണ്‍ലൈന്‍ വ്യാപര (Online Market) സ്ഥാപനത്തില്‍ നിന്ന് അയച്ചു നല്‍കിയത്. ഒക്ടോബര്‍ 30 നാണ് മിഥുന്‍ കവര്‍ ഓര്‍ഡര്‍ ചെയ്തത്.
നവംബര്‍ ഒന്നിന് തന്നെ സാധനം കൈയ്യിലെത്തി. എന്നാല്‍ കവര്‍ തുറന്നു നോക്കിയപ്പോഴാണ് പാസ്പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ട് കൂടി കണ്ടത്. ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തെറ്റ് പറ്റിയതാണെന്നും ആവര്‍ത്തിക്കില്ലെന്നുമായിരുന്നു മറുപടി. എന്നാല്‍ കവറിനൊപ്പം ലഭിച്ച പാസ്പോര്‍ട്ട് എന്തു ചെയ്യണമെന്ന് മാത്രം ആമസോണ്‍ അധികാരികള്‍ പറഞ്ഞില്ല. തുടര്‍ന്ന് മിഥുന്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായി.
പക്ഷേ പാസ്പോര്‍ട്ടില്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ പിന്നെയും കുഴങ്ങി. തുടര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ നമ്പര്‍ ലഭിച്ചു. സ്വാലിഹിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ ക്ലൈമാക്‌സ് പുറത്തുവരുന്നത്. മുമ്പ് സാലിഹും ആമസോണില്‍ നിന്നും പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.
ഇത് ആമസോണിലേക്ക് തന്നെ മടക്കി അയക്കേണ്ടി വന്നിരുന്നു. ഈ സമയം അബദ്ധത്തില്‍ പാസ്സ്‌പോര്‍ട്ടും കവറിനകത്തായി പോയി. കഥ കേട്ട മിഥുന്‍ ബുധനാഴ്ച രാവിലെ തന്നെ മീനങ്ങാടിയിലെത്തി യഥാര്‍ത്ഥ ഉടമയ്ക്ക് പാസ്‌പോര്‍ട്ട് അയച്ചു നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam