
കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. ബെംഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ യാത്രികരായ കണ്ണൂർ സ്വദേശി ഷാൻ, റിസ്‍വാൻ, ഉത്തർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷം കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ - മട്ടന്നൂർ അന്തർസംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. ചാലോട് ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങിവന്ന കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷാനിൻ്റെ ബന്ധുവിൻ്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂരിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പായിരുന്നു സംഭവം. മുൻസീറ്റിൽ ഉണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ മറ്റു യാത്രക്കാരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ മരത്തിലേക്ക് ഇടിച്ചുകയറിയെന്നും അപകടത്തെ തുടർന്നും വാഹനത്തിന് തീപിടിച്ചെന്നും അപകടസമയം സംഭവസ്ഥലത്തെത്തിയ നാട്ടുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീയും പുകയും കാരണം അടുക്കാൻ സാധിച്ചില്ല. വീട്ടിൽനിന്ന് പൈപ്പിൽ വെള്ളം ചീറ്റിയാണ് തീയണച്ചത്. യാത്രക്കാർ കാറിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ച ശേഷമാണ് യാത്രക്കാരെ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കാർ അമിതവേഗതയിലായിരുന്നു എന്നാണ് തോന്നുന്നതെന്നും നാട്ടുകാരൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam