
തിരുവനന്തപുരം: സ്വന്തം വാഹനത്തിൽ രാജ്യം കാണണമെന്ന ആഗ്രഹം വിദൂര സ്വപ്നമെന്ന് തോന്നിയതിന് പിന്നാലെ റോളർ സ്കേറ്റ്സിൽ രാജ്യം കാണാനിറങ്ങി ഉത്തർ പ്രദേശ് സ്വദേശിയായ യുവാവ്. 160 ദിവസത്തെ യാത്രയ്ക്ക് ശേഷം ആറാമത്തെ സംസ്ഥാനമായാണ് ഗൊരഖ്പൂർ സ്വദേശിയായ ഇരുപതുകാരൻ കേരളത്തിലെത്തിയത്. ഗുജറാത്തിൽ നിന്ന് ആരംഭിച്ച യാത്ര ആറ് മാസം കൊണ്ട് രാജസ്ഥാനിൽ എത്തി അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മനീഷുള്ളത്. എസി മെക്കാനിക്ക് ആയി ജോലി ചെയ്യുന്നതിനിടയിലാണ് രാജ്യം മുഴുവൻ സഞ്ചരിക്കണമെന്ന ആഗ്രഹം ഇരുപതുകാരന്റെ ഉറക്കം നഷ്ടമാക്കിയത്. മാതാപിതാക്കളേയും മൂന്ന് സഹോദരിമാരേയും മാസങ്ങളെടുത്താണ് റോളർ സ്കേറ്റ് യാത്രയെക്കുറിച്ച് ബോധ്യപ്പെടുത്താനായതെന്നാണ് മനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര നിലവിൽ കേരളത്തിലൂടെയാണ്.
പകൽ സമയത്ത് റോളർ സ്കേറ്റ്സിൽ യാത്ര ചെയ്യും. ആറ് മണിക്ക് വിശ്രമിക്കും. രാത്രി ടെന്റ് അടിച്ച് തങ്ങാനുള്ള സാമഗ്രഹികളുമായാണ് ഇരുപതുകാരന്റെ യാത്ര. പെട്രോൾ പമ്പുകൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലാണ് രാത്രി തങ്ങുക. എന്നാൽ കേരളത്തിലെത്തിയപ്പോൾ പെട്രോൾ പമ്പുകളിൽ രാത്രി ടെന്റ് അടിക്കാനുള്ള അനുവാദം കിട്ടാറില്ലെന്നാണ് മനീഷ് പ്രതികരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ പൊലീസ് സേന ശക്തമാണെന്നും നല്ല രീതിയിലുള്ള പൊലീസ് സംവിധാനങ്ങളുള്ളതിനാൽ കേരളത്തിലെ യാത്ര സുരക്ഷിതമാണെന്നും മനീഷ് പറയുന്നത്.കേരളത്തിലെ റോഡുകൾ മികച്ചതാണെന്നും സഞ്ചരിച്ച സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട സ്ഥിതി കേരളത്തിലുണ്ടെന്നും സമ്മതിക്കാൻ ഇരുപതുകാരൻ മടിക്കുന്നില്ല. സ്വന്തം വാഹനത്തിൽ രാജ്യം ചുറ്റി വരാൻ ലോണെടുക്കാനൊന്നും താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ ചുരുങ്ങിയ സമയത്തെ ശമ്പളം കൂട്ടിവച്ചാണ് യാത്ര. കന്യാകുമാരിയിൽ നിന്ന് ആന്ധ്ര പ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, മണിപ്പൂർ, പശ്ചിമബംഗാൾ അടക്കം പോയി രാജസ്ഥാനിൽ എത്താനാണ് മനീഷിന്റെ ഇന്ത്യയെ കണ്ടെത്തൽ യാത്ര.
പുറപ്പെടുമ്പോൾ ചില സംസ്ഥാനങ്ങളേക്കുറിച്ചുണ്ടായിരുന്ന ധാരണകളിൽ ഏറെ മാറ്റം വന്നുവെന്നാണ് ഈ ഇരുപതുകാരൻ വെളിപ്പെടുത്തുന്നത്. കേരള പൊലീസിന്റെ പരിശോധനകൾ സംസ്ഥാനത്ത് സുരക്ഷയുണ്ടെന്നതിന്റെ സൂചനയെന്നാണ് മനീഷ് പറയുന്നത്. യാത്രയ്ക്കിടെ റോളർ സ്കേറ്റ് ഷൂസിന്റെ ഭാഗങ്ങൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണി സ്വയം ചെയ്യാനുള്ള സംവിധാനവും യുവാവിന്റെ കൈവശമുണ്ട്. ഗുജറാത്തിൽ വച്ചാണ് റോളർ സ്കേറ്റ്സ് താൽപര്യം യുവാവിന് തോന്നിയത്. കാറിലൊരു ഭാരത യാത്ര ചെലവുകൾ താങ്ങാനാവില്ലെന്ന ബോധ്യത്തിലാണ് യാത്രയ്ക്ക് റോളർ സ്കേറ്റ്സിനെ കൂട്ടുപിടിച്ചതെന്നും യുവാവ് പറയുന്നു. പുറത്തുള്ള ബാഗിൽ ഒരു ദേശീയ പതാകയുമായിയാണ് യുവാവിന്റെ യാത്ര. ആളുകൾ വഴിയിൽ കണ്ട് വിവരങ്ങൾ ചോദിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു.
ചിത്രം: അഖിൽ അപ്പുക്കുട്ടൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam