
തൃശൂര്‍: അഞ്ചു മിനിറ്റിലധികം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ പന്തല്ലൂര്‍ ഗ്രാമത്തിലും പരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും വ്യാപക നാശനഷ്ടം. ചെറിയ മഴയോട് കൂടി ശക്തമായ കാറ്റോടെയാണ് മിന്നല്‍ ചുഴലി പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. മെയിന്‍ റോഡില്‍നിന്നും പന്തല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് മിന്നല്‍ചുഴലി വ്യാപക നഷ്ടം വരുത്തിയത്. മൂന്നു വീടുകളുടെ മുകളില്‍ മേഞ്ഞ ഇരുമ്പു ഷീറ്റുകള്‍ പറന്നു പോയി. പത്തിലധികം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു.
വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോടെ ഒരു ട്രാന്‍സ്‌ഫോര്‍മ്മര്‍ ചെരിഞ്ഞു. പറമ്പുകളിലെ പന്ത്രണ്ടിലധികം തെങ്ങുകളും മരങ്ങളും ഒടിഞ്ഞും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. നിരവധി വാഴകളും ഒടിഞ്ഞു വീണു. മൊബൈല്‍ ടവറിനു മുകളിലേക്ക് പന കടപുഴകി വീണു. ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ഓട്ടോയില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവര്‍ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം സമയം കൊണ്ടാണ് പന്തല്ലൂര്‍, വിളക്കും തറ, എന്നീ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. കാറ്റ് സമീപത്തെ വെള്ളിത്തിരുത്തി മേഖലയിലേക്ക് നീങ്ങിയെങ്കിലും ശക്തി കുറഞ്ഞു. മിന്നല്‍ ചുഴലി വ്യാപക നാശനഷ്ടം വരുത്തിവെച്ചങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോടെ ഈ മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു.
മിന്നല്‍ ചുഴലി ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. മേഖലയില്‍ യാത്രാ സംവിധാനം അലങ്കോലപ്പെട്ടു. നിലച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ്, പോലീസ് എന്നിവരും റവന്യു, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. എ.സി. മൊയ്തീന്‍ എം.എല്‍.എ., മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കന്‍മാര്‍ എന്നിവരും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam