
ചാരുംമൂട്: അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രൻ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലിൽ ജങ്ഷനിലുള്ള ഗോപിനാഥൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ എലി ചത്തുകിടന്നിരുന്നു. ഇത് എടുക്കുന്നതിനായി കിണറ്റിലേക്ക് ഇറങ്ങിയതായിരുന്നു ജയചന്ദ്രൻ. എന്നാൽ കിണറിൻ്റെ ഏറ്റവും താഴേക്ക് എത്തുന്നതിന് മുൻപ് ഇദ്ദേഹത്തിന് ശ്വാസം മുട്ടി. പിന്നാലെ ജയചന്ദ്രൻ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു.
ഈ സമയം കിണറിൻ്റെ കരയിൽ നിന്നിരുന്ന ഗോപിനാഥൻ പിള്ള ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കായംകുളത്ത് നിന്ന് ഫയർ ഫോഴ്‌സ് എത്തി. ഇവരാണ് പിന്നീട് ജയചന്ദ്രനെ പുറത്തെടുത്തത്. ഉടൻ തന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ഓമനയമ്മ. മൃതദേഹം അടൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam