അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളിന്റെ ജീവൻ രക്ഷിച്ച യുവാവിന് പൊലീസിന്റെ ആദരം

By Web TeamFirst Published Jul 29, 2022, 12:32 PM IST
Highlights

ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം ആരോരുമില്ലാതെ രക്‌തം വാർന്ന് റോഡിൽ കിടന്ന നടേശനെ വിവരം അറിഞ്ഞെത്തിയ അൻഷാദ് സുഹൃത്തിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. 

ആലപ്പുഴ : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം രക്‌തം വാർന്ന് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച യുവാവിനെ അനുമോദിച്ച് ആലപ്പുഴ ജില്ലാ പോലിസ് മേധാവി. മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ പി.ജെ അൻഷാദിനെയാണ് ആലപ്പുഴ ജില്ലാ പൊലിസ് മേധാവി ജി ജയദേവ് അനുമോദന പത്രം നൽകി ആദരിച്ചത്. 

മെയ് എട്ടിന് മാന്നാർ പരുമല ജംഗ്‌ഷന്‌ വടക്ക് വശത്തുവച്ച് കാൽനടയാത്രക്കാരനായ റാന്നി ഇടമൺ സ്വദേശി നടേശൻ എന്നയാളിനെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം ആരോരുമില്ലാതെ രക്‌തം വാർന്ന് റോഡിൽ കിടന്ന നടേശനെ വിവരം അറിഞ്ഞെത്തിയ അൻഷാദ് സുഹൃത്തിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. 

ഈ വിവരം മാന്നാർ പൊലിസ് സ്റ്റേഷനിൽ നിന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ക്ക് റിപ്പോർട്ട്‌ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ ജീവൻ രക്ഷിച്ചതിന് ജില്ലാ പൊലിസ് മേധാവി അനുമോദന പത്രം നൽകിയത്. മാന്നാർ പൊലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ  ജി സുരേഷ് കുമാർ അൻഷാദിന് അനുമോദന പത്രം കൈമാറി. 

മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി, ചെങ്ങന്നൂർ അഗ്നിശമന സേന യുണിറ്റിലെ സിവിൽ ഡിഫൻസ് അംഗം, കേബിൾ ടിവി ഓപ്പറേറ്റഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, മാന്നാർ മീഡിയ സെന്റർ എക്‌സികുട്ടീവ് അംഗം, മാന്നാർ മുസ്ലിം ജമാ അത്ത് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അൻഷാദ് പൊതുരംഗത്ത് സജീവമാണ്.

click me!