ഫുട്‌ബോള്‍ കളി കണ്ട് മടങ്ങിയ വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍

By Web TeamFirst Published Nov 22, 2022, 10:50 AM IST
Highlights

വീട്ടിലേക്കുള്ള വഴിയില്‍ കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തില്‍ നിന്നും കാല്‍ തെറ്റി താഴെ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 


മാനന്തവാടി: ഫുട്‌ബോള്‍ കളി കണ്ടതിന് ശേഷം വീട്ടിലേക്ക് പോയ അറുപത്തിനാലുകാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (തങ്കച്ചന്‍ -64) ആണ് മരിച്ചത്. ഇല്ലത്തു മൂലയിലെ മിലാന ക്ലബ്ബില്‍ ഫുട്‌ബോള്‍ കളി കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങിയ ജോര്‍ജ്ജിനെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴിയില്‍ കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തില്‍ നിന്നും കാല്‍ തെറ്റി താഴെ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയില്‍ തോട്ടിലെ കല്ലില്‍ തലയടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം. മാനന്തവാടിയിലെ യാര്‍ഡില്‍ ടിപ്പര്‍ ഡ്രൈവറാണ് ജോര്‍ജ്ജ്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കി മാറ്റി. ഭാര്യ: മേരി. മക്കള്‍: ജിബിന്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ്.

ഇതിനിടെ തിരുവനന്തപുരത്ത് വാക്ക് തർക്കത്തിനിടയിൽ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും തലക്കടിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. നെല്ലിയോട് ചരുവിള വീട്ടിൽ  രതീഷാണ് (34) അറസ്റ്റിലായത്. ഇയാളുടെ അനുജൻ മനുവിനെയും (32) സുഹ്യത്ത് കിരണിനെയുമാണ് പ്രതി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കൽകോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി എട്ടോടെ മനുവിന്‍റെ വീട്ടിൽ വച്ചായിരുന്നു സംഭവം. കിരണിന്‍റെ തലയ്ക്കും സാരമായ പരിക്കേറ്റുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. മനുവിന്‍റെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രതീഷിനെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ.മാരായ കെ.ആർ.സതീഷ്, അനൂപ്, എ.എസ്.ഐ. ഗീരീഷ് ചന്ദ്രൻ, സി.പി.ഒ. അജിത്, വിജേഷ്  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വായനയ്ക്ക്:   പദ്ധതിയുടെ പേര് 'റീ ബില്‍ഡ് കേരള'; പദ്ധതിക്കായി കലിങ്ക് പൊളിച്ചിട്ട് അഞ്ച് മാസം, ഇനിയെന്ന് എന്ന് നാട്ടുകാര്‍!


 

click me!