
തിരുവനന്തപുരം: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. കുടുംബസമേതം ഭാര്യ റഹീന, മുജീബിന്‍റെ അമ്മ എന്നിവരുമായി മുജീബ് ഓട്ടോറിക്ഷയിൽ പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. പേരൂർക്കട വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
ഇതിനിടെ മാനന്തവാടിയില്‍ ഫുട്‌ബോള്‍ കളി കണ്ടതിന് ശേഷം വീട്ടിലേക്ക് പോയ അറുപത്തിനാലുകാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (തങ്കച്ചന്‍ -64) ആണ് മരിച്ചത്. ഇല്ലത്തു മൂലയിലെ മിലാന ക്ലബ്ബില്‍ ഫുട്‌ബോള്‍ കളി കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങിയ ജോര്‍ജ്ജിനെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴിയില്‍ കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തില്‍ നിന്നും കാല്‍ തെറ്റി താഴെ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയില്‍ തോട്ടിലെ കല്ലില്‍ തലയടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം. മാനന്തവാടിയിലെ യാര്‍ഡില്‍ ടിപ്പര്‍ ഡ്രൈവറാണ് ജോര്‍ജ്ജ്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കി മാറ്റി. ഭാര്യ: മേരി. മക്കള്‍: ജിബിന്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ്.