Asianet News MalayalamAsianet News Malayalam

പിരിച്ചുവിട്ടതിന് പ്രതികാരം; ബാറിലെത്തി 'ഫിറ്റായി' പണം കവര്‍ന്ന് മുന്‍ പാചകക്കാരന്‍, സംഭവം കായംകുളത്ത്

അക്കൗണ്ട് മുറിയിലെ മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ്  മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന  അനീഷ് അടിച്ചുമാറ്റിയത്.  

former bar employee arrested for theft case at kayamkulam
Author
First Published Sep 30, 2022, 9:50 AM IST

കായംകുളം: ജോലിയില്‍ നിന്നു പിരിച്ച് വിട്ടതിന് പ്രതികാരമായി ബാറിലെത്തി പണം കവര്‍ന്ന സംഭവത്തില്‍ മുന്‍ പാചകക്കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം രണ്ടാം കുറ്റിയിൽ പ്രവര്‍ത്തിക്കുന്ന കലായി ബാറിൽ നിന്നും പണം കവർന്ന കേസിലാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്.  ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 27ന് ഉച്ചയ്ക്കാണ് കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ നിന്നും പണം നഷ്ടപ്പെട്ടത്.  അക്കൗണ്ട് മുറിയിലെ മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ്  മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന  അനീഷ് അടിച്ചുമാറ്റിയത്.  ബാറിലെത്തിയ അനീഷ് മദ്യപിച്ച ശേഷം  ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്നു.  ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ മേശയിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയായിരുന്നു. 

മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷിനെ അമിത മദ്യപാനത്തെത്തുടർന്ന് ജോലിയിൽ നിന്നും അടുത്തിടെ പറഞ്ഞു വിട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് പ്രതി ബാറില്‍ നിന്നും പണം മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബാറുടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  

മോഷ്ടിച്ച പണം ചെലവാക്കുന്നതിന് സഹായിച്ചതിനാണ് അനീഷിന്‍റെ സുഹൃത്ത് രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  മോഷ്ടിച്ച പണവുമായി അനീഷ് ആദ്യമെത്തിയത് രതീഷിന്റെയടുത്താണ്.  മോഷണമുതലാണെന്ന അറിവോടെ രതീഷ് ഈ പണം വാങ്ങി ചിലവഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാലപറി കേസിൽ പ്രതിയാണ്.

Read More :  മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; അരക്കിലോ എംഡിഎംഎ പിടികൂടി, മുഖ്യ കണ്ണി പിടിയിൽ

Follow Us:
Download App:
  • android
  • ios