
ഇടുക്കി: കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം(Dead body) കണ്ടെത്തി. ആനയിറങ്കൽ (Anayirankal Dam) സ്വദേശി വെള്ളത്തായിയെ (60) ആണ് ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പരിസരപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലും വെള്ളത്തായിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ആനയിറങ്കല്‍ ഡാമിൽ വെള്ളത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യിൽ സ്റ്റീൽ പാത്രം തൂക്കിയിട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വെള്ളത്തായി ഏറെ നാളായി മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതയായ ഇവർ സഹോദരന്‍റെ മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.