
കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് (പിഎ) പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. എംഎൽഎയുടെ നാട്ടിലുള്ള ഒരു സ്ത്രീ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപം ലോട്ടറിക്കട നടത്തുന്ന സജിത്തിനെ 'സുരേഷ്' എന്ന് പരിചയപ്പെടുത്തിയയാൾ ഫോണിൽ ബന്ധപ്പെട്ടത്.
ആദ്യം 1000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ മാത്രമേ നൽകാനാകൂവെന്ന് സജിത്ത് അറിയിച്ചു. ആളെ നേരിട്ട് അയയ്ക്കാമെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി പണം അയയ്ക്കാമെന്നും അതിനായി ഫോൺ നമ്പർ നൽകണമെന്നും സജിത്ത് ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ട ശേഷമാണ് 'സുരേഷ്' നമ്പർ കൈമാറിയത്.
ഇതോടെ സംശയം തോന്നിയ സജിത്ത് മുൻ നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലിനെയും കൗൺസിലർ കെ സി അരുൺ കുമാറിനെയും വിവരം അറിയിച്ചു. തുടർന്ന് എംഎൽഎ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പണം വാങ്ങാനെത്തിയ ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്ത ശേഷം കേസെടുത്ത് ഇയാളെ വിട്ടയച്ചു. 'സുരേഷ്' എന്നയാളുടെ നിർദേശപ്രകാരമാണ് പണം വാങ്ങാൻ എത്തിയതെന്ന് ഗോപാലകൃഷ്ണൻ പൊലീസിനോട് മൊഴി നൽകി.
'സുരേഷ്' എന്ന പേരിൽ തന്റെ ഓഫീസിൽ പിഎയോ മറ്റ് സ്റ്റാഫ് അംഗങ്ങളോ ഇല്ലെന്ന് മനോജ് മൂത്തേടൻ എംഎൽഎ വ്യക്തമാക്കി. ഫാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ഒരു ഭക്ഷണശാലയിലും സമാന രീതിയിൽ പണം തട്ടാൻ ശ്രമം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പരാതികൾ ലഭിച്ചാൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam