
കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുട്ടില്‍, വാര്യാട് വടക്കന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു സംഭവം. കമ്പളക്കാട് ചേക്ക്മുക്ക സ്വദേശിയുടെ വീടിന്റെ പോര്‍ച്ചിലും ഇദ്ദേഹത്തിന്റെ മില്ലിലും സൂക്ഷിച്ച കാപ്പിയാണ് മോഷണം പോയത്. രണ്ട് പ്രതികളെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.
കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് (23) എന്നിവരാണ് മുമ്പ് പിടിയിലായിരുന്നത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് സുഹൈലിനായി പൊലീസ് അന്വേഷണം നടത്തി വന്നിരുന്നത്. എന്നാല്‍ പലയിടങ്ങളിലായി പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു ഇയാള്‍. മോഷ്ടിച്ച കാപ്പി സംഘം മാനന്തവാടിയില്‍ മറിച്ചു വില്‍ക്കുകയായിരുന്നു.
വില്‍പ്പന നടത്തിയ കടയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചു. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ദീന്‍, എ.എസ്.ഐ വിജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അതേ സമയം ഈ അടുത്ത കാലത്തായി കുരുമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു.
വിലയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തോട്ടങ്ങളിലെത്തി പറിച്ചെടുത്ത് കടത്തുന്ന സംഘങ്ങളും വയനാട്ടിലുണ്ട്. ഇക്കാരണത്താല്‍ വീടിനോട് ചേര്‍ന്നല്ലാത്ത കോപ്പിത്തോട്ടങ്ങളിലും മറ്റും വിളവെടുപ്പ് കാലമായാല്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട് കര്‍ഷകര്‍ക്കുണ്ട്. കാവല്‍ നിന്നാലും വ്യാപ്തിയുള്ള തോട്ടങ്ങളിലും ഏതെങ്കിലും കോണില്‍ കടന്നുള്ള മോഷണം പലപ്പോഴും കണ്ടെത്താന്‍ കഴിയാറുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam