
പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു.
കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച്, കാറിന് സാരമായ കേടുപറ്റി. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്.
പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്സംഭവം. കോട്ടായിലെ ഭാര്യവീട്ടിൽ പോയി വരികയായിരുന്നു ബാബുരാജ്. വണ്ടിയിൽ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവർ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.
അപകടത്തെ തുടർന്ന് നാട്ടുകാർ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുണിക്ക് ചാരിറ്റബിൾ ട്രാസ്റ്റിന്റെ കോർഡിനേറ്ററാണ് മരിച്ച ബാബുരാജ് .
അച്ഛൻ : വാസുദേവൻ . അമ്മ : ലക്ഷ്മിക്കുട്ടി (മുൻ പ്രാധാനാധ്യാപിക ഡിവി ജെ ബി എസ് വടക്കും മംഗലം)
ഭാര്യ: പ്രീതാകുമാരി (അധ്യാപിക കെ എം എസ് ബി സ്കൂൾ ലെക്കിടി ) . മക്കൾ: ഡോ. ശ്രുതിരാജ്, ശ്രാവൺ രാജ് .
സഹോദരങ്ങൾ: മധുരാജ്, രഘുരാജ്.
അതേസമയം ആലുവയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചുവീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്‍റെ എമർജൻസി വാതിലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. നാട്ടുകാർ സമയോചിതമായി ഇടപെട്ട് പിന്നാലെ വന്ന ബസ് നിർത്തിച്ചതിനാലാണ് ദുരന്തം ഒഴിവായത്. പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam