കരുവാരകുണ്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവാകുന്നു

By Web TeamFirst Published Aug 10, 2022, 3:10 PM IST
Highlights

നേരത്തെയും മോഷണം നടന്നതിനാല്‍  ഭണ്ഡാരത്തില്‍ ആരും അടുത്തൊന്നും പണം നിക്ഷേപിച്ചിരുന്നില്ല. അതുകൊണ്ട്  നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

മലപ്പുറം: കരുവാരകുണ്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച സജീവമെന്ന് പരാതി. കഴിഞ്ഞ ദിവസം മഞ്ഞള്‍പ്പാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ രണ്ടു നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സമീപത്തെ ഭജനമഠത്തിന്റെ ഭണ്ഡാരവും പൊട്ട്യാറയിലെ ഒമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തിട്ടുണ്ട്. ഏതാനും മാസം മുമ്പ് വരെ കരുവാരക്കുണ്ടില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ പതിവായിരുന്നു. 

പിന്നീട് കേസിലെ പ്രതിയെ പൊലീസ് പിടികൂടിയതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം സജീവമായിരിക്കുകയാണ്. മഞ്ഞള്‍പ്പാറയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ രണ്ടു ഭണ്ഡാരങ്ങളുടെ പൂട്ടുകളാണ് തകര്‍ക്കപ്പെട്ടത്. നേരത്തെയും മോഷണം നടന്നതിനാല്‍  ഭണ്ഡാരത്തില്‍ ആരും അടുത്തൊന്നും പണം നിക്ഷേപിച്ചിരുന്നില്ല. അതുകൊണ്ട്  നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ഭജനമഠത്തിലെ ഭണ്ഡാരത്തിലും പൊട്ട്യാറയിലെ ഒമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയിലും പണം ഉണ്ടായിരുന്നുവെന്നാണ് വിവരം. നാലു ഭണ്ഡാരങ്ങളുടെ പൂട്ടുകളും സമാന രീതിയിലാണ് തകര്‍ത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്നു കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More : കോട്ടയത്തെ വൈദികൻ്റെ വീട്ടിലെ മോഷണത്തിൽ അടിമുടി ദുരൂഹത: മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിൽ കുറച്ചുഭാഗം കണ്ടെത്തി

കഴിഞ്ഞ ദിവസം കോഴിക്കോടും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണ പരമ്പര തന്നെ അരങ്ങേറിയിരുന്നു. ചേളാരി തേഞ്ഞിപ്പലത്താണ് രണ്ട് ക്ഷേത്രങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ഏഴോളം ഭണ്ഡാരപ്പെട്ടികളാണ് കള്ളന്‍ കുത്തിത്തുറന്നത്. ഭണ്ഡാരത്തിന് പുറമേ മോഷ്ടാവ് ക്ഷേത്രത്തിന്‍റെ ഓഫീസ് മുറിയും കുത്തിത്തുറന്ന് പണം കൈക്കലാക്കിയിരുന്നു. പാണമ്പ്ര ചൊവ്വയിൽ ശിവക്ഷേത്രം, വടക്കേതൊടി സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം . ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്. മോഷ്ടാവിന്‍റെ  ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടനെ പിടികൂടാനാകുമെന്നാണ് തേഞ്ഞിപ്പാലം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

click me!