
പാലക്കാട്: ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് തൊട്ടടുത്തുനിന്ന് ഇളനീർ കച്ചവടക്കാരന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ മോഷണം പോയി. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് - യാക്കര പാതയിൽ പാർക്ക് ചെയ്തിരുന്ന വണ്ടിയാണ് അതിവിദഗ്‌ധമായി മോഷ്ടാവ് കവർന്നത്. കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന യാക്കര സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് മോഷണം പോയ വാഹനം.
ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹനവുമായി മോഷ്ടാവ് വാളയാർ ടോൾ പ്ലാസ കടന്ന് തമിഴ്‌നാട് ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണ്ണായക സൂചന ലഭിച്ചത്. ഇതേത്തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
തന്റെ കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗമാണ് മോഷ്ടാക്കൾ കവർന്നതെന്ന് കച്ചവടക്കാരനായ കൃഷ്ണൻകുട്ടി കണ്ണീരോടെ പറയുന്നു. ദിവസേന കോട്ടമൈതാനത്ത് ഇളനീർ എത്തിച്ച് കച്ചവടം നടത്തിയിരുന്നത് ഈ ഗുഡ്‌സ് ഓട്ടോയിലായിരുന്നു. അതീവ സുരക്ഷയുള്ള എസ്.പി ഓഫീസിന് പരിസരത്ത് നിന്ന് തന്നെ വാഹനം മോഷണം പോയത് നാട്ടുകാരിലും വ്യാപാരികളിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം പിടികൂടി വാഹനം തിരികെ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam