റോഡരികിൽ നിർത്തിയിട്ട കാർ, പൊലീസ് വളഞ്ഞു, കണ്ടെത്തിയത് ഓണാഘോഷത്തിനെത്തിച്ചതിന്റെ ഒരംശം, 10 കിലോ ക‌ഞ്ചാവ് പിടികൂടി

Published : Sep 11, 2025, 11:19 AM IST
10 kilogram ganja seized

Synopsis

വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന റിയാസ് ഖാനെ ആദ്യമായാണ് ലഹരിവസ്തുക്കളുമായി പിടികൂടുന്നത്. ഓണാഘോഷത്തിനെത്തിച്ചതിൽ കുറച്ച് മാത്രമാണാ പത്ത് കിലോയെന്നാണ് പൊലീസ് വിശദമാക്കുന്നത്  10 kilogram ganja seized

കായംകുളം: റോഡരികിൽ നിത്തിയിട്ടിരുന്ന കാറിൽനിന്ന് പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി ഇലിപ്പക്കുളം നാമ്പുകളങ്ങരയിൽ നാലംഗസംഘം അറസ്റ്റിൽ. ഭരണിക്കാവ് കട്ടച്ചിറ യൂസഫ് മൻസിൽ യൂസഫ് (27), കൃഷ്ണപുരം കാപ്പിൽ കിഴക്ക് നല്ലേത്ത് പുത്തൻപുരയിൽ റിയാസ് ഖാൻ (44), ഭരണിക്കാവ് കട്ടച്ചിറ വി. വി. ഭവനത്തിൽ വിനീത് (29), കറ്റാനം ഇലിപ്പക്കുളം കല്ലേത്ത് വീട്ടിൽ മുഹമ്മദ് അമീൻ (33) എന്നിവരാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്നാണ് നാമ്പുകളങ്ങര കുരിശുംമൂടിനു സമീപത്തുനിന്ന് കാറിൽ വില്പനയ്ക്കായി കഞ്ചാവു കടത്താനുള്ള ശ്രമത്തിനിടെ സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടു പ്ലാസ്റ്റിക് കവറുകളിലാക്കിയ കഞ്ചാവ് ചാക്കിൽക്കെട്ടി വാഹനത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ രണ്ടാം പ്രതി റിയാസ്ഖാന്റെ വീട്ടിൽനിന്ന്‌ കഴിഞ്ഞ തിങ്കളാഴ്ച 3.590 കിലോഗ്രാം കഞ്ചാവ് കായംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു.

ഏറെക്കാലമായി ലഹരി വിൽപന,പിടിയിലാവുന്നത് ആദ്യം

പൊലീസിനെക്കണ്ട് ഇയാൾ കഞ്ചാവ് എടുത്തെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന്, ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്. റിയാസ്ഖാൻ വർഷങ്ങളായി മയക്കുമരുന്നു കച്ചവടം നടത്തിവരുന്നുണ്ടെങ്കിലും ആദ്യമായാണ് ലഹരിവസ്തുക്കളുമായി പിടിയിലാകുന്നത്. കായംകുളം, കൃഷ്ണപുരം എന്നിവിടങ്ങൾ കേന്ദ്രമാക്കി ഇയാൾ വർഷങ്ങളായി മയക്കുമരുന്നു വില്പന നടത്തിവരുകയായിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവും ലഹരി മരുന്ന് കടത്തുമടക്കം ഒട്ടനേകം കേസുകളിൽ പ്രതിയാണ്. നാലാം പ്രതി അമീൻ മൂന്നു മയക്കുമരുന്നു കേസിലും ഒന്നാം പ്രതി യൂസഫ് ഒരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വില്പനയ്ക്കെത്തിച്ച കഞ്ചാവിൽ കുറച്ചുമാത്രമാണ് പിടികൂടാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അവശേഷിക്കുന്ന കഞ്ചാവിനായുള്ള ശ്രമം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഊർജിതമാക്കി.

ഒഡിഷ അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മധ്യ തിരുവിതാംകൂറിലെ വിവിധ സ്ഥലങ്ങളിലെ ചില്ലറ വില്പനക്കാർക്ക് കിലോഗ്രാം കണക്കിനു വില്പന നടത്തുന്നത് യൂസഫിന്റെയും റിയാസ്ഖാന്റെയും നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം എസ്‌ഐ കെ. ദിജേഷ്, എഎസ്‌ഐ റെജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ സന്തോഷ്‌കുമാർ, സിവിൽ പൊലീസ് ഓഫിസര്‍മാരായ അൻഷാദ്, അഖിൽ, പ്രപഞ്ചേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ