
കോഴിക്കോട്: കോഴിക്കോട് ബസില്‍ യാത്രക്കാരനെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴുത്ത് ഞെരിച്ചുപിടിച്ച് മര്‍ദിച്ചതിന് ശേഷം പുറത്തേക്ക് തള്ളിയിടുകയായിരുന്നു. മാങ്കാവ് സ്വദേശി നിഷാദിന്റെ പരാതിയില്‍ റംഷാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു നിഷാദ് യാത്രക്കിടെ റംഷാദിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തോളിൽ കൈ വെച്ചതിലെ തർക്കമാണ് കാരണമെന്ന് വിവരം.
പെരുമണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ ഞായാറാഴ്ച രാത്രിയാണ് സംഭവം. പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ കൂടിയായ റംഷാദ് എന്നയാള്‍ തൊട്ടടുത്തിരുന്ന നിഷാദിന്റെ തോളില്‍ കയ്യിട്ട് കുറച്ച് സമയം സംസാരിക്കുന്നതും പിന്നീട് കഴുത്ത് ബലമായി ഞെരിച്ച് പിടിച്ച് ക്രൂരമായി മര്‍ദിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് റംഷാദും ബസിലെ ക്ലീനറും ചേര്‍ന്ന് നിഷാദിനെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ബസിലെ മറ്റ് യാത്രക്കാരൊന്നും സംഭവത്തില്‍ ഇടപെട്ടില്ല. സംഭവത്തില്‍ നിഷാദ് ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഫോണും നാലായിരത്തി അഞ്ഞൂറു രൂപയും കവര്‍ന്നെന്നും പരാതിയുണ്ട്. റംഷാദിനെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മര്‍ദനമേറ്റ നിഷാദ് മദ്യലഹരിയിലായിരുന്നെന്നും റംഷാദിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് റംഷാദ് നിഷാദിനെ ക്രൂരമായി മര്‍ദിച്ചത്. ഇരുവരും തമ്മില്‍ മുന്‍പരിചയമൊന്നുമില്ല. ജാമ്യം ഇല്ലാത്ത വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം