കോട്ടയം മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവഗണിച്ചു. സമീപകാലത്ത് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ, പി.ജെ. കുര്യൻ തുടങ്ങിയ നേതാക്കളും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. 

കോട്ടയം: മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തെ അവ​ഗണിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ചെന്നിത്തലയോട് സംസാരിക്കാനായി രാഹുൽ ശ്രമിച്ചെങ്കിലും അ​ദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നിർബന്ധിത ​ഗർഭഛിദ്രമുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന ശേഷം മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിനെതിരെ ​രം​ഗത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ രാഹുൽ, അറസ്റ്റ് കോടതി തടഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തിൽ സജീവമായത്. 

അതിനിടെ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുലിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് പി.ജെ. കുര്യനും രം​ഗത്തെത്തി. പാലക്കാട് മികച്ച നേതാക്കൾ വേറെയുമുണ്ടെന്നും രാഹുലിനെപ്പോലെ ആരോപണവിധേയനായ ഒരാൾക്ക് സീറ്റ് നൽകുന്നത് ഉചിതമല്ലെന്നുമായിരുന്നു കുര്യന്റെ പ്രസ്താവന. പിന്നാലെ, പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തി. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പിജെ കുര്യന്‍റെ പ്രസ്താവന. ഇവര്‍ തമ്മിൽ പല അവസരത്തിലും വിരുദ്ധാഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.