പദ്ധതിയുടെ പേര് 'റീ ബില്‍ഡ് കേരള'; പദ്ധതിക്കായി കലുങ്ക് പൊളിച്ചിട്ട് അഞ്ച് മാസം, ഇനിയെന്ന് എന്ന് നാട്ടുകാര്‍!

By Web TeamFirst Published Nov 22, 2022, 9:05 AM IST
Highlights

കൃഷിക്കാലത്ത് കലുങ്ക് പൊളിക്കുന്നത് ജലസേചനത്തെ തടസപ്പെടുത്തുമെന്ന് പ്രദേശത്തെ കർഷകർ പരാതി ഉന്നയിച്ചു. എന്നാല്‍, 'റീ ബില്‍ഡ് കേരള പദ്ധതിയില്‍'  കര്‍ഷകരുടെ പരാതിയ്ക്ക് പ്രസക്തിയില്ലായിരുന്നു. പദ്ധതി പ്രകാരം കലുങ്ക് പൊളിച്ചു. 

മാന്നാർ:  2018 ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് ചെറുതിട്ടപ്പടി - പൊണ്ണത്തറ റോഡിന്‍റെ നിര്‍മ്മാണത്തിന് പണം അനുവദിച്ചത്. പദ്ധതിയുടെ പേരാകട്ടെ 'റീ ബില്‍ഡ് കേരള'. പക്ഷേ, 2022 കഴിയാറായിട്ടും കേരളം ഇനി എന്ന് റീ ബില്‍ഡ് ചെയ്യുമെന്ന് ചോദിക്കുകയാണ് ബുധനൂർ പഞ്ചായത്ത് നിവാസികള്‍. വര്‍ഷമിത്രയായിട്ടും പദ്ധതിയുടെ പേരില്‍ പൊളിച്ചിട്ട റോഡോ, എന്തിന് കലുങ്ക് പോലും പുതുക്കി പണിയാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നത് തന്നെ കാരണം. 

ബുധനൂർ പഞ്ചായത്ത് 1, 2 വാർഡുകളിലൂടെ കടന്നുപോകുന്ന ചെറുതിട്ടപ്പടി - പൊണ്ണത്തറ റോഡിൽ പദ്ധതിയുടെ പേരില്‍ പുറത്തേ പള്ളം കലുങ്ക് പൊളിച്ചിട്ടിട്ട് മാസം അ‌ഞ്ച് കഴിഞ്ഞു. ജനങ്ങള്‍ തോടിന് കുറുകെയിട്ട കോണ്‍ക്രീറ്റില്‍ തീര്‍ത്ത വൈദ്യുതി തൂണുകളില്‍ ബാലന്‍സ് ചെയ്താണ് അക്കരയിക്കര കടക്കുന്നത്. യാത്രദുരിതത്തില്‍ വലയുന്നത് പ്രദേശവാസികളും. ഏറെ നാള്‍ അനക്കമില്ലാതിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് നാള്‍ മുമ്പാണ് വീണ്ടും ജീവന്‍ വച്ചത്. ഇത്തവണയെങ്കിലും റോഡും കലുങ്കും ശരിയാവുമെന്ന് കരുതിയ നാട്ടുകാരെ പഞ്ചായത്ത് വീണ്ടും ദുരിതത്തിലാക്കുകയായിരുന്നു. റോഡിന്‍റെ ചിലഭാഗങ്ങളില്‍ കുറെ മെറ്റിൽ വിരിച്ചു. പിന്നെ പതിവ് പോലെ പണി നിന്നു. റോഡിന്‍റെ വീതി കൂട്ടേണ്ട ഭാഗത്ത് പിച്ചിംഗ് കെട്ടിയിട്ടുണ്ട്. മൂന്നിടത്ത് കലുങ്ക് പൊളിച്ചിട്ടിരുന്നത് നന്നാക്കാതിരുന്നപ്പോൾ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് അത് ശരിയാക്കി. 

വടപുറം പാടശേഖരത്തിൽ നിന്നും പടിഞ്ഞാറോട്ട് വെള്ളം ഒഴുകി ശക്തികുളങ്ങര വഴി കുട്ടമ്പേരൂർ ആറ്റിലേക്ക് ഒഴുകി പോകുന്നത് പുറത്തേ പള്ളം കലുങ്ക് വഴിയാണ്. കൃഷിക്കാലത്ത് കലുങ്ക് പൊളിക്കുന്നത് ജലസേചനത്തെ തടസപ്പെടുത്തുമെന്ന് പ്രദേശത്തെ കർഷകർ പരാതി ഉന്നയിച്ചു. എന്നാല്‍, 'റീ ബില്‍ഡ് കേരള പദ്ധതിയില്‍'  കര്‍ഷകരുടെ പരാതിയ്ക്ക് പ്രസക്തിയില്ലായിരുന്നു. പദ്ധതി പ്രകാരം കലുങ്ക് പൊളിച്ചു. പക്ഷേ, പൊളിച്ച കലുങ്ക് പുനര്‍നിര്‍മ്മിക്കാന്‍ അഞ്ച് മാസമായിട്ടും പദ്ധതിയില്ല. ഇതോടെ സമീപത്തെ പാടശേഖരത്തിലെ കൃഷി അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലായി. കൃഷി പ്രതിസന്ധിയിലായി. ഇതോടെ വീണ്ടും നാട്ടുകാരും കര്‍ഷകരും ഒന്നിച്ചിറങ്ങി. അങ്ങനെ കലുങ്കിന്‍റെ പടിഞ്ഞാറ് ഒഴുക്ക് തടസപ്പെടുത്തിയിരുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. 

വെള്ളത്തിന് കണ്ണങ്കാവിൽ ചാലിലേക്ക് ഒഴുകാൻ സൗകര്യമൊരുക്കി. തുടര്‍ന്ന് നാട്ടുകാരാണ് അക്കരെയിക്കരെ കടക്കാനായി മൂന്ന് വൈദ്യുതി തൂണുകള്‍ നിരത്തി വഴിയൊരുക്കിയത്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ നടന്നെങ്കിലും പോകേണ്ടേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കുട്ടികളും സ്ത്രീകളും ഏറെ പാടുപെട്ടാണ് ഇതുവഴി നടന്ന് പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഇതുവഴി കടക്കുക അസാധ്യം. ബുധനൂർ - പാണ്ടനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡ് കൂടിയാണിത്. പിപ്പിലിത്തറ കോളനി ഉൾപെടെ 400 ഓളം കുടുംബങ്ങൾ നിരന്തരം കടന്ന് പോകുന്ന വഴി. ഇനി എന്ന് ഈ പദ്ധതിയൊക്കെ പൂര്‍ത്തിയാക്കി കേരളം റീ ബില്‍ഡ് ചെയ്യുമെന്ന് കര്‍ഷകരായ നാട്ടുകാര്‍ ചോദിക്കുന്നു. 
 

click me!